ഹാരി കെയ്ൻ ഇപ്പോഴും കയ്യാലപ്പുറത്ത്. സിറ്റിയെ കണ്ടഭാവമില്ലാതെ സ്പർസ്

 | 
hary kane

മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോകാൻ മനസുകൊണ്ട് ആ​ഗ്രഹിച്ച ഇം​ഗ്ലീഷ് ക്യാപ്റ്റൻ ഹാരി കെയ്ൻ ആകെ ആശയക്കുഴപ്പത്തിലാണ്. സിറ്റിയുടെ ഓഫറുകളോട് തിരിഞ്ഞുപോലും നോക്കാതെ ഇരിക്കുകയാണ് കെയ്നിന്റെ ക്ലബ്ബായ ടോട്ടനം ഹോട്ട്സ്പർസ്. ഈ സീസണിൽ ഹാരി കെയ്നിനെ ക്ലബ്ബുവിടാൻ അനുവദിക്കാമെന്നു പറഞ്ഞ സ്പർസ് ചെയർമാൻ ഡാനിയേൽ ലെവി അതൊക്കെ മറന്ന മട്ടാണ്. 125 മില്യൻ പൗണ്ടെന്ന സിറ്റി ഓഫറിനോട്  പ്രതികരിക്കാൻ പോലും അവർ തയ്യാറായിട്ടുമില്ല. ഇതിനിടയിലാണ് പുതിയതായി എത്തിയ മാനേജർ നുനോ എസ്പ്രിന്റോ സാന്റോസ് ഹാരിയെ വിടാൻ താൽപര്യമില്ലാത്ത രീതിയിൽ മാധ്യമങ്ങളോട് സംസാരിച്ചതും. ഇതെല്ലാം കാരണം ഭാവി എന്താകുമെന്നറിയാത്ത ഹാരി കെയ്ൻ അവസാനം സ്പർസിന്റെ ക്യാമ്പിൽ പരിശീലനത്തിനെത്തി.

ഞായറാഴ്ച്ച നടക്കുന്ന വുൾവർഹാംട്ടൺ- ടോട്ടനാം മത്സരത്തിലത്തിലൂടെ ഹാരി കെയ്നിന് തിരിച്ചു വരണമെന്ന് ആ​ഗ്രഹമുണ്ട്. എന്നാൽ ശാരീരികമായി ഫിറ്റ് ആവുന്നതിനൊപ്പം മാനസികമായിക്കൂടി തയ്യാറായി  കളത്തിലിറങ്ങിയാൽ മതിയെന്നും അതിനായി സമയമെടുത്താലും കുഴപ്പമില്ലെന്നും നുനോ എസ്പിന്റോ പറഞ്ഞു. ഞായറാഴ്ച്ച ഹാരി കളത്തിലിറങ്ങാനുള്ള സാധ്യത കൂടുതലാണ്. 

അതേസമയം ഇന്ന് നടക്കുന്ന യൂറോപ്യൻ കോൺഫറൻസ് ലീ​ഗിൽ കെയ്ൻ കളിക്കില്ല. കഴിഞ്ഞയാഴ്ച്ച സിറ്റിക്കെതിരെ കളിച്ചവരും ടീമിലുണ്ടാവില്ലെന്നാണ് കോച്ച് പറയുന്നത്. ഹാരി കെയ്നുമായി ബന്ധപ്പെട്ട ഈ ആശയക്കുഴപ്പങ്ങൾ തന്നെയാണ് ഇം​ഗ്ലണ്ടിലെ പ്രധാന പത്രങ്ങളും തലക്കെട്ടാക്കിയത്.