കേരളത്തിൽ ക്രിക്കറ്റ് ടൂറിസം പദ്ധതി
സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കേരള ക്രിക്കറ്റ് അസോസിയേഷൻ. സ്വകാര്യ പങ്കാളിത്തത്തോടെ 1500 കോടി രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ കെ.സി.എ ലക്ഷ്യമിടുന്നത്. പദ്ധതി യാഥാർഥ്യമാക്കുന്നതിനായി ഹോസ്പിറ്റാലിറ്റി, റീട്ടെയ്ൽ, വിനോദ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തിക്കൊണ്ട് ഈ മാസം 11ന് തിരുവനന്തപുരത്ത് പ്രത്യേക നിക്ഷേപക സംഗമം സംഘടിപ്പിക്കും. ഇതിനായുള്ള താൽപര്യപത്രം ക്ഷണിച്ചു.
കൂടുതൽ വിവരങ്ങൾ https://www.keralacricketassociation.com/ എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ക്രിക്കറ്റ് മത്സരം കാണാൻ മാത്രമുള്ള ഇടം എന്നതിലുപരി, സ്റ്റേഡിയങ്ങളെ വർഷം മുഴുവൻ സജീവമായ വിനോദ-ടൂറിസം കേന്ദ്രങ്ങളാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ കാതൽ. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്ലബ് ഹൗസ്, സ്പോർട്സ് ലോഞ്ച്, പ്രമുഖ ബ്രാൻഡുകളുടെ റസ്റ്റാറന്റുകൾ, ഫുഡ് കോർട്ടുകൾ എന്നിവ സ്റ്റേഡിയങ്ങളോട് അനുബന്ധിച്ച് നിർമിക്കും.
ബിസിനസ് ടൂറിസത്തിനും കോർപറേറ്റ് സമ്മേളനങ്ങൾക്കുമുള്ള അത്യാധുനിക കൺവെൻഷൻ സെന്ററുകൾ, ഷോപ്പിങ് കോംപ്ലക്സ്, സ്പോർട്സ് മെർച്ചൻഡൈസ് ഹബ്, ഗ്രൗണ്ടിന്റെ പശ്ചാത്തലത്തിലുള്ള ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ, ഫാൻ പാർക്കുകൾ, ക്രിക്കറ്റ് മ്യൂസിയം എന്നിവയും ഈ വിനോദ സമുച്ചയത്തിന്റെ ഭാഗമാകും.
