ലങ്കയ്ക്ക് 148 റൺസിന്റെ തകർപ്പൻ ജയം

ലോകകപ്പ് ക്രിക്കറ്റിൽ സ്കോട്ട്ലൻഡിനെതിരെ ശ്രീലങ്കയ്ക്ക് 148 റൺസിന്റെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്തു.
 | 
ലങ്കയ്ക്ക് 148 റൺസിന്റെ തകർപ്പൻ ജയം

 

ഹൊബാർട്ട്: ലോകകപ്പ് ക്രിക്കറ്റിൽ സ്‌കോട്ട്‌ലൻഡിനെതിരെ ശ്രീലങ്കയ്ക്ക് 148 റൺസിന്റെ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 363 റൺസെടുത്തു. 95 പന്തിൽ നിന്ന് 124 റൺസ് നേടിയ ലങ്കൻ താരം കുമാർ സംഗക്കാരയാണ് ടീമിലെ ടോപ്പ് സ്‌കോറർ. തിലകരത്‌നെ ദിൽഷൻ 104 റൺസും ക്യാപ്റ്റൻ ആഞ്ചലോ മാത്യു 51 റൺസും സ്വന്തമാക്കി. സ്‌കോട്‌ലൻഡിന് വേണ്ടി ജോഷ് ദവെ മൂന്ന് വിക്കറ്റ് വീഴ്ത്തി.

364 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്‌ലൻഡിന് ലങ്കൻ ബൗളിങ്ങിന് മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ശ്രീലങ്കക്കെതിരെ 215 റൺസ് മാത്രമാണ് സ്‌കോട്ട്‌ലൻഡിന് നേടാനായത്. ഫ്രെഡി കോൾമാന്റെയും (70), ക്യാപ്റ്റൻ പ്രസ്റ്റൺ മോംസെനിന്റെയും (60) സ്‌കോറുകൾ ടീമിന് കരുത്തു പകർന്നെങ്കിലും 43.1 ഓവറിൽ സ്‌കോട്‌ലൻഡ് ഓൾഔട്ടായി.

ശ്രീലങ്കയ്ക്കു വേണ്ടി നുവാൻ കുലശേഖരയും ദുഷ്മാന്ത ചമീരയും മൂന്ന് വിക്കറ്റ് വീതം നേടി. ലസിത് മലിംഗ രണ്ട് വിക്കറ്റും വീഴ്ത്തി. സംഗക്കാരയാണ് മാൻ ഓഫ് ദി മാച്ച്.

ലോകകപ്പിൽ തുടർച്ചയായ നാല് സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് രചിച്ചാണ് സംഗക്കാര ശ്രീലയ്ക്ക് വിജയ പാത തെളിച്ചത്. ലോകകപ്പിൽ എല്ലാ മത്സരങ്ങളും പൂർത്തിയാക്കിയ ശ്രീലങ്ക നാലാം ജയത്തോടെ ക്വാർട്ടറിൽ കടക്കുകയും ചെയ്തു.