ഗോളടിയില്‍ റെക്കോർഡ് നേടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവുമധികം ഗോളടിച്ച താരം

 | 
Ronaldo

അന്താരാഷ്ട്ര ഫുട്ബോളിൽ ഒരു രാജ്യത്തിനു വേണ്ടി ഏറ്റവുമധികം ​ഗോളടിച്ച ഫുട്ബോളർ എന്ന റെക്കോർഡ് പോർച്ചു​ഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ സ്വന്തമാക്കി. 180 മത്സരങ്ങളിൽ നിന്നായി 111 ഗോളുകളാണ് റൊണാൾഡോ പോർച്ചുഗലിനായി നേടിയത്. ഇതോടെ ഇറാൻ ഇതിഹാസ താരം അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡ് റൊണാൾഡോ മറികടക്കുകയും ചെയ്തു.

അയർലൻഡിനെതിരെയുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തിൽ രണ്ട് ഗോളുകളാണ് റൊണാൾഡോ നേടിയത്. ആദ്യം ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കിയിരുന്നു. ഇതിന് ശേഷമായിരുന്നു റെക്കോർഡ് നേടിയ ഗോളുകൾ പിറന്നത്. 88 മിനിറ്റു വരെ പിന്നിലായിരുന്ന പോർച്ചുഗലിനായി 89-ാം മിനിട്ടിൽ റൊണാൾഡോ സമനില ഗോൾ നേടി. പിന്നാലെ കളിതീരാൻ  സെക്കൻഡുകൾ മാത്രം ബാക്കിനിൽക്കേ വീണ്ടുമൊരു ഹെഡ്ഡർ ​ഗോൾ നേടി റൊണാൾഡോ പോർച്ചുഗലിന് വിജയം സമ്മാനിച്ചു. 

2003-ൽ തന്റെ 18-ാം വയസ്സിൽ കസാഖ്‌സ്താനെതിരേയാണ്‌  റൊണാൾഡോ പോർച്ചുഗലിനായി അന്താരാഷ്ട്ര മത്സരങ്ങളിൽ അരങ്ങേറ്റം കുറിച്ചത്.  ഏറ്റവും അധികം അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച യൂറോപ്യൻ താരമെന്ന സെർജിയോ റാമോസിന്റെ റെക്കോഡിന്‌ ഒപ്പമെത്താനും ഇതോടെ റൊണാൾഡോയ്ക്കായി.

ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലായി 33 ഗോളുകളാണ് പോർച്ചുഗലിനായി റൊണാൾഡോ നേടിയത്. 31 ഗോളുകൾ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് ക്വാളിഫയറിലൂടെയാണ് നേടിയത്. 19 ഗോളുകൾ നേടിയത് അന്താരാഷ്ട്ര സൗഹൃദ മത്സരങ്ങളിലൂടെ, 14 ഗോളുകൾ യൂറോ കപ്പിലൂടെ, 7 ഗോളുകൾ ലോകകപ്പിലൂടെ. 4 ഗോളുകൾ യുവേഫ നാഷണൽ ലീഗിലൂടെയും, 2 ഗോളുകൾ കോൺഫെഡറേഷൻ കപ്പിലൂടെയും താരം സ്വന്തമാക്കി.