സുകുമാരക്കുറുപ്പെന്ന് പ്രചരിപ്പിച്ചത് ചികിത്സാ സഹായം കാത്തിരിക്കുന്ന ദാമോദര മേനോന്റെ ചിത്രം
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ആണെന്ന തരത്തിൽ പ്രചരിക്കുന്ന ചിത്രത്തിലുള്ള തൃശൂർ കരുമാത്ര സ്വദേശിയായ, ബ്രൂണെയിൽ കഴിയുന്ന ദാമോദര മേനോനെ കേരളത്തിൽ എത്തിച്ച് ചികിത്സയും താമസസൗകര്യവും ഒരുക്കാൻ നോർക്ക റൂട്ട്‌സ് കഴിഞ്ഞ മാസം ഇടപെടൽ നടത്തിയിരുന്നു. മേനോന്റെ സംരക്ഷണം ഏറ്റെടുക്കാൻ കുടുംബം തയാറാകാത്ത സാഹചര്യത്തിലായിരുന്നു നോർക്കയുടെ ഇടപെടൽ. ബ്രൂണെ ദാരുസ്സലാമിലെ ഇന്ത്യൻ ഹൈക്കമ്മിഷനിൽനിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൂറക്കനാട് ദാമോദര മേനോനെ സഹായിക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്നു കാട്ടി നോർക്ക സർക്കാരിനു ജൂലൈ 2ന് കത്തു നൽകിയത്.
ദാമോദര മേനോൻ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുകയാണെന്നും കിഡ്‌നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലാണെന്നും കത്തിൽ പറയുന്നു. സ്ഥിരമായി താമസിക്കാൻ ഇടമില്ലാത്തതിനാൽ ഹൈകമ്മിഷൻ ഒരുക്കിയ താൽക്കാലിക സംരക്ഷണത്തിലാണ് മേനോൻ കഴിയുന്നത്. അദ്ദേഹത്തിന്റെ സംരക്ഷണം ഏറ്റെടുക്കാൻ കുടുംബം തയാറാകാത്ത സാഹചര്യത്തിൽ പരിചരണവും താമസസൗകര്യവും അടിയന്തരമായി ആവശ്യമാണ്. ഇതിനു പുറമേ ദീർഘകാല പുനരധിവാസം അനിവാര്യമാണെന്നും ഹൈക്കമ്മിഷൻ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മേനോന് കേരളത്തിൽ താമസസൗകര്യവും ചികിത്സാ സൗകര്യവും ഒരുക്കാൻ സർക്കാർ ഇടപെടൽ ആവശ്യപ്പെട്ടാണ് നോർക്ക കഴിഞ്ഞ മാസം കത്തു നൽകിയത്.
