ഇന്ത്യന്‍ വംശജരോട് വിവേചനം; യുഎസ് ക്രിക്കറ്റ് ടീം മുഖ്യ പരിശീലകൻ തെറിച്ചു

യുഎസ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ സ്റ്റുവര്‍ട്ട് ലോയെ സ്ഥാനത്ത് നിന്ന് പുറത്താക്കി. വെള്ളിയാഴ്ച സ്‌കോട്ട്ലന്‍ഡിനെതിരെ യുഎസ് ടീം 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ലോയുടെ സ്ഥാനം തെറിച്ചത്. ഇന്ത്യന്‍ വംശജരായ താരങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെയാണ് നടപടി. ഒരു പരമ്പര നടന്നുകൊണ്ടിരിക്കെ പരിശീലകനെ പുറത്താക്കിയത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
പരിശീലകൻ തങ്ങളോട് വിവേചനം കാണിക്കുന്നുവെന്നും തങ്ങളെ അവിശ്വസിക്കുകയും മറ്റുള്ളവരോട് പ്രീണനം കാട്ടുകയും ചെയ്തുവെന്നും ക്യാപ്റ്റന്‍ മോനാങ്ക് പട്ടേൽ അടക്കമുള്ള എട്ട് മുതിർന്ന കളിക്കാർ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് യുഎസ് ക്രിക്കറ്റ് അധികൃതര്‍ വ്യക്തമാക്കി.
മുന്‍ ഓസ്‌ട്രേലിയന്‍ ബാറ്ററായ സ്റ്റുവര്‍ട്ട് ലോ ഈ വര്‍ഷം ഏപ്രിലിലാണ് യുഎസ് ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റത്. തുടക്കകാലത്ത് യുഎസ് ടീമിന് മികച്ച പ്രകടനം നടത്താന്‍ വഴിയൊരുക്കുകയും ചെയ്തിരുന്നു. ട്വന്റി20 ലോകകപ്പില്‍ യുഎസിനെ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടുന്നത് വരെ എത്തിച്ചു. ലോകകപ്പിന് ശേഷം നടന്ന നെതര്‍ലന്‍ഡ്‌സ് പര്യടനത്തോടെയാണ് താരങ്ങളുമായി സ്റ്റുവര്‍ട്ട് ലോ ഇടഞ്ഞത്. താരങ്ങളുടെ പരാതിയില്‍ യുഎസ് ക്രിക്കറ്റ് അധികൃതര്‍ അന്വേഷണം നടത്തിയിരുന്നു.
യുഎസിലെത്തും മുമ്പ് ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ ലോ വിവിധ തലങ്ങളില്‍ പരിശീലകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഈ വര്‍ഷമാദ്യം ടി20 ലോകകപ്പിന് മുന്നോടിയായി യുഎസ്എയുടെ മുഖ്യ പരിശീലക സ്ഥാനം അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.