ധോണിക്ക് പിന്തുണയുമായി ഗാംഗുലി; തീരുമാനമെടുക്കാൻ ധോണിക്ക് സമയം നൽകണം
മുംബൈ: ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പയിൽ ടീം ഇന്ത്യയുടെ തോൽവിക്കുശേഷം വിമർശനങ്ങൾ ഏറ്റുവാങ്ങിയ മഹേന്ദ്ര സിങ് ധോണിക്ക് പിന്തുണയുമായി മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ക്യാപ്റ്റൻ സ്ഥാനത്തു നിന്നും ഒഴിയാനുള്ള തീരുമാനം ആലോചിച്ചെടുക്കേണ്ടതാണ്. അതിന് ധോണിക്ക് സമയം നൽകണമെന്നും ഗാംഗുലി പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഗാംഗുലി ഇത്തരത്തിൽ പ്രതികരിച്ചത്.
ബംഗ്ലാദേശിനെതിരായ തോൽവിയ്ക്ക് ശേഷം ധോണി അസ്വസ്ഥനാണ്. അതുകൊണ്ടാണ് മത്സരശേഷം തോൽവിക്ക് കാരണം താനാണെങ്കിൽ ക്യാപ്റ്റൻ സ്ഥാനം ഒഴിയാമെന്ന രീതിയിലുള്ള പ്രതികരണം ധോണിയിൽ നിന്നും വന്നത്. അതൊക്കെ തൽക്കാലം മറക്കാമെന്നും തോൽവിയുടെ പേരിൽ ധോണിയെ ക്രൂശിക്കരുതെന്നും ഗാംഗുലി പറഞ്ഞു
2016ലെ ട്വന്റി ലോകകപ്പ് വരെ ധോണി ക്യാപ്റ്റനായി തുടരണോ എന്ന ചോദ്യത്തിന് തൽക്കാലം പരമ്പര പൂർത്തിയാകട്ടെയെന്നും ഇത്തരം തീരുമാനങ്ങളൊന്നും ഒരു രാത്രികൊണ്ട് എടുക്കാനാവില്ലെന്നും ബി.സി.സി.ഐ ഉപദേശകസമിതി അംഗം കൂടിയായ ഗാംഗുലി പറഞ്ഞു.