​ലീഡ്സിൽ ഇം​ഗ്ലീഷ് ബൗളർമാരുടെ വിളയാട്ടം. 78ന് ഓൾ ഔട്ടായി ഇന്ത്യ

 | 
England cricket team
സ്ക്കൂൾ വിട്ട സമയത്തെ കുട്ടികളെപ്പോലെ ആയിരുന്നു ഇന്ത്യ. എല്ലാവരും തിരിച്ച് വീട്ടിലെത്താൻ ​ഗെയറ്റ് കടന്ന് ഓടുന്നതു പോലെ പിച്ചിൽ നിന്നും ഡ്രസ്സിം​ഗ് റൂമിലേക്ക് ഓട്ടത്തോടോട്ടം. മടിയൻ കുട്ടിയായി രോഹിത്ത് ഇത്തിരി നേരം കറങ്ങിത്തിരിഞ്ഞ് നിന്നെങ്കിലും ഇം​ഗ്ലണ്ടുകാർ ​ഗേറ്റ് അടക്കുമെന്ന് കാണിച്ചപ്പോൾ അദേഹവും ഓടി. ഫലമോ ലോഡ്സ് ടെസ്റ്റിലെ തോൽവിക്ക് പകരം വീട്ടാൻ ഇം​ഗ്ലീഷ് ബൗളർമാർ തുനിഞ്ഞിറങ്ങിയപ്പോൾ ലീഡ്സിലെ ആദ്യ ദിനം ഇന്ത്യൻ ബാറ്റർമാർക്ക് കയ്പേറിയതായി. ആന്റേഴ്സൺ തുടങ്ങിവച്ചത് മറ്റു ബൗളർമാർ ഏറ്റെടുത്തപ്പോൾ വെറും 42 ഓവറിൽ ഇന്ത്യ 78ന് ഓൾ ഔട്ടായി. അവസാന ആറ് വിക്കറ്റുകൾ വീണത് വെറും 22 റൺസിന്.

ടോസ് നേടി ബാറ്റിം​ഗിനറങ്ങിയ ഇന്ത്യക്ക് ആദ്യ ഓവറിൽ തന്നെ ഫോമിലുള്ള കെ.എൽ രാഹുലിന്റെ(0) വിക്കറ്റ് നഷ്ടമായി. പിന്നാലെ പൂജാരയും(1) പോയി. കോഹ്ലി(7) വന്ന് നിലയുറപ്പിക്കും മുമ്പ് മടങ്ങി. പിന്നീട് രോഹിത്തും രഹാനേയും ചേർന്ന് നിന്നെങ്കിലും വ്യക്തി​ഗത സ്കോർ 18ൽ നിൽക്കെ രഹാനേയും പുറത്തായി. പിന്നെ സ്ക്കൂൾ വിട്ടതുപോലെ ഇന്ത്യൻ ബാറ്റർമാർ കൂടാരം കേറി. കൃത്യായ ലൈനിലും ലങ്ത്തിലും പന്തെറിയുക, ബാറ്റിലുരസുക, കീപ്പർ ജോസ് ബട്ട്ലറുടെ കൈയ്യിലെത്തുക. റിപ്ലേ ആണെന്ന് സംശയം തോന്നുന്ന രീതിയിലായിരുന്നു മുൻനിര ഇന്ത്യൻ ബാറ്റർമാർ പുറത്തായത്. അഞ്ച് ക്യാച്ചുകളാണ് ബട്ട്ലർ എടുത്തത്. രോഹിത്ത് ശർമ്മ (19) നൂറ്റിയഞ്ച് പന്ത് വരെ പിടിച്ചു നിന്നെങ്കിലും ആസന്നമായ തകർച്ചയിൽ നിന്നും ഇന്ത്യയെ രക്ഷിക്കാനായില്ല. ആൻഡേഴ്സണും ഓർട്ടണും മൂന്ന് വീതം വിക്കറ്റും റോബിൻസണും സാം കറനും രണ്ടു വിക്കറ്റും വീഴ്ത്തി. ഇന്ത്യൻ നിരയിൽ രണ്ടക്കം കടന്നത് രഹാനെയും രോഹിത്തും മാത്രമാണ്. 

എന്നാൽ ഈ പിച്ചിൽ എങ്ങിനെ ബാറ്റുചെയ്യണമെന്ന് ഇം​ഗ്ലീഷ് ഓപ്പണർമാർ കാണിച്ചുതന്നു. റോറി ബേൺസ്, ഹസീബ് ഹമീദ് എന്നിവർ ചേർന്ന് ആദ്യ ദിവസം കളി അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമാവാതെ 120 റൺസ് എന്ന നിലയിൽ ആതിഥേയരെ എത്തിച്ചിട്ടുണ്ട്. ഹമീദ് 60 റൺസും  ബേൺസ് 52 റൺസും നേടി.