ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കടുത്ത ആരാധകൻ സുധീർ ഗൗതം ധാക്കയിൽ അക്രമിക്കപ്പെട്ടു
മിർപൂർ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെയും സച്ചിൻ ടെൻഡുൽക്കറുടെയും കടുത്ത ആരാധകനായ സുധീർ ഗൗതം ധാക്കയിൽ ബംഗ്ലാദേശ് ആരാധകരുടെ അക്രമത്തിനിരയായതായി ആരോപണം. ധാക്കയിൽ നടന്ന രണ്ടാം ഏകദിനത്തിൽ ഇന്ത്യ തോറ്റതിന് തൊട്ടു പിന്നാലെയായിരുന്നു സംഭവം. ഷെർ ഇ ബംഗ്ല ദേശീയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് മുന്നിൽ വച്ചായിരുന്നു അക്രമം നടന്നത്.
സുധീർ കയറിയ ഓട്ടോയ്ക്ക് നേരെ കല്ലേറും അക്രമവും ഉണ്ടായി. പിന്നീട് സ്റ്റേഡിയത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് പൊലീസുകാരുടെ സംരക്ഷണയിലാണ് താൻ തിരിച്ച് പോയതെന്നും ഇയാൾ പറയുന്നു.
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മത്സരം കാണാൻ ലോകമെങ്ങും എത്തുന്ന ആളാണ് സുധീർ. 2011 ലോകകപ്പുമേന്തി നിൽക്കുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള സുധീറിന്റെ ചിത്രം എല്ലാ ഇന്ത്യൻ ക്രിക്കറ്റ് ആരാധകരുടെയും മനസിലുണ്ട്. ഇതിനു മുമ്പും ഇന്ത്യയുടെ മത്സരം കാണാൻ സുധീർ ധാക്കയിലെത്തിയിട്ടുണ്ട്. ഇത് എട്ടാം തവണയാണ് ഇയാൾ ഇവിടെ എത്തുന്നത്.