റോമയിൽ ഹാട്രിക്കോടെ ഫെർഗുസന്റെ അരങ്ങേറ്റം
ഇറ്റാലിയൻ ലീഗിലെത്തിയ അയർലൻഡ് യുവതാരം ഇവാൻ ഫെർഗുസണ് റോമ ജഴ്സിയിലെ അരങ്ങേറ്റത്തിൽ ഹാട്രിക്. 24 മിനിറ്റിൽ ഹട്രിക് പൂർത്തിയാക്കിയ താരം മൊത്തം നാല് ഗോളുകളുമായി തിളങ്ങി.
ഈയാഴ്ചയാണ് സീരി എ ടീമായ റോമയിൽ വായ്പാടിസ്ഥാനത്തിൽ ഫെർഗുസൺ എത്തിയത്. ദുർബലരായ യൂനി പൊമേസിയക്കെതിരായ കളിയിൽ അവസരം ലഭിച്ചത് അവസരമാക്കിയ 20കാരൻ മനോഹര കളി കെട്ടഴിച്ചാണ് ഓരോ ഗോളും സ്വന്തമാക്കിയത്.
പുതിയ പരിശീലകൻ ജിയാൻ പിയറോ ഗാസ്പെറിനിക്കു കീഴിൽ ഇറങ്ങിയ റോമ മത്സരം എതിരില്ലാത്ത ഒമ്പത് ഗോളിന് ജയിച്ചു. പരിക്കുമായി മല്ലിട്ട 18 മാസത്തെ ഇടവേളക്ക് ശേഷമാണ് സീഗൾസിൽനിന്ന് ഫെർഗുസൺ റോമയിലെത്തിയത്.

