ബാഴ്സക്ക് സമനില, ഇന്ററും അറ്റ്ലാന്റയും ജയിച്ചു

ലാ ലീഗയിൽ ശനിയാഴ്ച്ച നടന്ന മത്സരത്തിൽ ബാഴ്സലോണക്ക് സമനില. അത്‍ലറ്റിക് ബിൽബാവോയാണ് ബാഴ്സയെ സമനിലയിൽ തളച്ചത്. രണ്ട് ടീമുകളും ഓരോ ഗോൾ വീതം നേടി. വലൻസിയ- ഗ്രനേഡ മത്സരവും വില്ലാറയൽ- എസ്പാന്യോൾ മത്സരവും കാഡിസ്- റയൽ ബെറ്റിസ് മൽസരവും സമനിലയിലായി. റയൽ മല്ലോർക്ക മാത്രാണ് ലാലീഗയിൽ ശനിയാഴ്ച്ച ജയിച്ചത്.
സാൻ മാമേസിൽ നടന്ന കളിയിൽ ആതിഥേയരായ അത്‍ലറ്റിക്ക് ക്ലബ്ബാണ് ബാഴ്സക്കെതിരെ ആദ്യ ഗോൾ നേടിയത്. ഗോൾരഹിതമായ ആദ്യ പകുതിക്ക് ശേഷം അമ്പതാം മിനിറ്റിൽ ഇനിഗോ മാർട്ടിനസ് അത്‍ലറ്റിക്കിന് വേണ്ടി ഗോൾ നേടി. എഴുപത്തിയഞ്ചാം മിനിറ്റിൽ മെംഫിസ് ഡിപേ ഗോൾ മടക്കി. മത്സരത്തിൽ പന്തടക്കം ബാഴ്സക്കായിരുന്നെങ്കിലും ആക്രമിച്ചു കളിച്ചത് ബിൽബാവോ ആണ്.
സിരി എയിൽ നടന്ന മത്സരങ്ങളിൽ നിലവിലെ ജേതാക്കളായ ഇന്റർമിലാൻ, ലാസിയോ, അറ്റ്ലാന്റ എന്നിവർ വിജയിച്ചു. ഇന്റർമിലാൻ ജനോവയെയാണ് എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തത്. മിലാൻ സ്ക്രിനിയർ, ഹകാൻ ചങ്ഹലു, ആർതുറോ വിദാൽ, എഡിൻ സെക്കോ എന്നിവർ ഗോൾ നേടി. ലാസിയോ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് എംപോളിയേയും അറ്റ്ലാന്റ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ടൊറിനോയേയും തോൽപ്പിച്ചു.
ബുണ്ടേസ് ലീഗയിൽ റെഡ്ബുൾ ലെപ്സിഷ്, ലവർകൂസൻ, വൂൾസ്ബർഗ് തുടങ്ങിയവരും വിജയിച്ചു.