ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പുകളായി; ലിവർപൂളും റയലും ഒരു ഗ്രൂപ്പിൽ, ബയേണിന്റെ ഗ്രൂപ്പിൽ സിറ്റി
മൊണാക്കോ: ചാമ്പ്യൻസ് ലീഗിൽ ലിവർപൂളും റയൽ മാഡ്രിഡും ഒരേ ഗ്രൂപ്പിൽ. ജർമ്മൻ ചാമ്പ്യൻമാരായ ബയേണും ഇംഗ്ലീഷ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയും ഒരേ ഗ്രൂപ്പിലാണ്. ഇന്നലെ മൊണോക്കയിലാണ് ഗ്രൂപ്പ് തെരഞ്ഞെടുപ്പ് നടന്നത്. സ്പാനിഷ് ചാമ്പ്യൻമാരായ അത്ലറ്റിക്കോ മാഡ്രിഡ് ഗ്രൂപ്പ് എയിലാണ്. ഇറ്റാലിയൻ ക്ലബ്ബായ യുവൻറസ്, ഗ്രീസിൽ നിന്നുള്ള ഒളിമ്പിയാക്കോസ്, സ്വീഡനിൽ നിന്നുള്ള മാൽമോ എന്നിവരാണ് ഗ്രൂപ്പ് എയിലെ മറ്റ് ടീമുകൾ.
ഗ്രൂപ്പ് ബിയാണ് ചാമ്പ്യൻഷിപ്പിലെ ആദ്യ മരണ ഗ്രൂപ്പ്. ഇതിലാണ് നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡും ഇംഗ്ലീഷ് ക്ലബ്ബായ ലിവർപൂളും ഉൾപ്പെടുന്നത്. സ്വിറ്റ്‌സർലാന്റിൽ നിന്നുള്ള എഫ്‌സി ബാസെൽ, ബൾഗേറിയൻ ക്ലബ് ലുഡോഗോറെറ്റ്‌സ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ. പോർച്ചുഗീസ് ക്ലബ് ബനിഫിക്ക, റഷ്യൻ ക്ലബ് എഫ് സി സെനിത്ത്, ജർമ്മൻ ക്ലബ് ലവർകൂസൻ, ഫ്രഞ്ച് ടീം മൊണോക്കോ എന്നിവരാണ് ഗ്രൂപ്പ് സിയിൽ. ആഴ്‌സണൽ, ഡോർട്ട്മുണ്ട്, ഗളസ്തരേ എന്നിവർക്കൊപ്പം ബെൽജിയത്തിൽ നിന്നുള്ള റോയൽ സ്‌പോർഡ്‌സ് ക്ലബും ഗ്രൂപ്പ് ഡിയിലുണ്ട്.
ഗ്രൂപ്പ് ഇയാണ് രണ്ടാം മരണഗ്രൂപ്പ്. ഇവിടെ ജർമ്മൻ ചാമ്പ്യൻമാരാ ബയേൺ മ്യൂണിക്കും ഇംഗ്ലീഷ് ചാമ്പ്യൻമാരായ സിറ്റിയും ഉണ്ട്. ഇവർക്കൊപ്പം ശക്തരായ സിഎസ്‌കെ മോസ്‌ക്കോ, ഇറ്റലിയിൽ നിന്നുള്ള എഎസ് റോമ എന്നിവരും ചേരുമ്പോൾ മത്സരം കടുപ്പമേറിയതാകുന്നു. ബാഴ്‌സലോണ, പിഎസ്ജി, അയാക്‌സ് എന്നിവർക്കൊപ്പം സൈപ്രസിലെ അപ്പോയൽ കൂടിചേരുന്നതാണ് ഗ്രൂപ്പ് എഫ്.