പ്രമുഖ താരങ്ങളില്ലാതെ ഇറങ്ങിയ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം
സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ ഇറങ്ങിയ അര്‍ജന്റീനക്ക് തകര്‍പ്പന്‍ ജയം. സൗഹൃദ മത്സരത്തില്‍ ഗ്വാട്ടിമാല എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ലാറ്റിനമേരിക്കന്‍ കരുത്തര്‍ മറികടന്നത്. ഗോണ്‍സാലോ നിക്കോളസ് മാര്‍ടിനസ്, ലൊ സെല്‍സോ, സിമിയോണ്‍ എന്നിവരാണ് ഗോള്‍ വേട്ടക്കാര്‍. ലോകകപ്പിലേറ്റ പരാജയത്തിന് ശേഷം സൂപ്പര്‍ താരം ലയണല്‍ മെസി അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചിരുന്നു.
ആദ്യഘട്ടത്തില്‍ പരുക്കന്‍ കളിയാണ് അര്‍ജന്റീന പുറത്തെടുത്തത്. മൂന്ന് മഞ്ഞ കാര്‍ഡുകള്‍ ലഭിക്കുകയും 24 ഫൗള്‍ വിസിലുകളാണ് അര്‍ജന്റീനയ്ക്കെതിരെ ഉയര്‍ന്നത്. മൂന്ന് ഗോളുകളും ആദ്യ പകുതിയിലാണ് നേടിയത്. ടഗ്ളിഫിക്കോ, പാവോണ് തുടങ്ങിയ ചുരുക്കം മുന്‍നിര താരങ്ങള്‍ മാത്രമാണ് മത്സരത്തിനിറങ്ങിയത്. യുവന്റ്സ് മുന്നേറ്റനിരക്കാന്‍ ഡിബാലയും ഐക്കാര്ഡിയും ഉള്‍പ്പെടെയുള്ളവരെ ബെഞ്ചിലുണ്ടായിരുന്നിട്ടും കളിക്കളത്തിലിറക്കാന്‍ കോച്ച് തയ്യാറായില്ല. ബുധനാഴ്ച കൊളംബിയക്കെതിരെ ആണ് അര്‍ജന്റീനയുടെ അടുത്ത മത്സരം.
മറ്റൊരു മത്സരത്തില്‍ ബെല്‍ജിയം സ്കോട്ട്ലാന്ഡിനെ തോല്പിച്ചു. എതിരില്ലാത്തെ നാല് ഗോളുകള്‍ക്കായിരുന്നു വിജയം. ലോകകപ്പിലെ പ്രകടനം ആവര്‍ത്തിക്കുന്നതായിരുന്നു ബെല്‍ജിയത്തിന്റെ കളി മികവ്. റോമെലു ലുകാകു, ഈഡന് ഹസാര്‍ഡ് എന്നിവരുടെ മിന്നും പ്രകടനമാണ് ബെല്‍ജിയത്തിന് വലിയ വിജയം സമ്മാനിച്ചത്.