കേരളം ഫൈനലിൽ

ആദ്യ സെമിയുടെ രണ്ടാം പാദത്തിൽ എക്സ്ട്രാ ടൈമിലേക്ക് കളിയുടെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ 116ാം മിനിറ്റിൽ നേടിയി ഗോളിൽ ബ്ലാസ്റ്റേഴ്സ് ഫൈനലിൽ.
 | 
കേരളം ഫൈനലിൽ

 

ചെന്നൈ: ആദ്യ സെമിയുടെ രണ്ടാം പാദത്തിൽ എക്‌സ്ട്രാ ടൈമിലേക്ക് നീണ്ട കളിയുടെ ഉദ്വേഗം നിറഞ്ഞ നിമിഷങ്ങൾക്കൊടുവിൽ ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിൽ. 116ാം മിനിറ്റിൽ സ്റ്റീഫൻ പിയേഴ്‌സൺ നേടിയ ഗോളിലാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനലിലെത്തിയത്. ഇന്നത്തെ മത്സരത്തിൽ 3-1 ന് ചെന്നൈ വിജയിച്ചെങ്കിലും കൊച്ചിയിൽ നടന്ന ആദ്യ പാദ മത്സരത്തിലെ 3-0 എന്ന മാർജിനിലെ വിജയത്തിന്റെ പിൻബലത്തിൽ കേരളം ഫൈനൽ ബർത്ത് ഉറപ്പിക്കുകയായിരുന്നു.

ഇന്നത്തെ മത്സരത്തിൽ ആദ്യത്തെ 90 മിനിറ്റിൽ 3-0 എന്ന ഗോൾനിലയിലെത്തിയ ചെന്നൈ ബ്ലാസ്റ്റേഴ്‌സിനൊപ്പം ഫൈനൽ സാധ്യതയിൽ എത്തി. ഇതോടെയാണ് കളി എക്ട്രാ ടൈമിലേക്ക് നീണ്ടത്. കളിയുടെ തുടക്കത്തിൽ ചെന്നൈ ഉയർത്തിയ ശക്തമായ ആക്രമണത്തിൽ ബ്ലാസ്റ്റേഴ്‌സിന് പിടിച്ചു നിൽക്കാനായില്ല. 90 മിനിറ്റിൽ 3 ഗോൾ വഴങ്ങിയ ബ്ലാസ്‌റ്റേഴ്‌സ് ഏറ്റവും മോശം പ്രകടനമായിരുന്നു കാഴ്ചവച്ചത്.

28ാം മിനിറ്റിൽ ജെയിംസ് മക്ക് അലിസ്റ്റർ ചുവപ്പ് കാർഡ് കണ്ട് പുറത്തായതായിരുന്നു ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായത് . അതോടെ ബ്ലാസ്റ്റേഴ്‌സിന് പത്ത് പേരുമായി കളി തുടരേണ്ടി വരികയായിരുന്നു. പിന്നീടുള്ള കളിയിലുടനീളം ചെന്നൈ ആധിപത്യം പുലർത്തി. പ്രതിരോധത്തിലൂന്നി കളിച്ച ബ്ലാസ്‌റ്റേഴ്‌സ് പലപ്പോഴും മോശം നിലവാരമാണ് പുലർത്തിയത്.

കൊച്ചിയിൽ നടന്ന ആദ്യപാത സെമി ഫൈനൽ പോരാട്ടത്തിന്റെ പകുതി ആക്രമണം പോലും ബ്ലാസ്‌റ്റേഴ്‌സ് പുറത്തെടുക്കാനായില്ല. പ്രതിരോധത്തിലും ടീം പിന്നിലായിരുന്നു. കളിയുടെ 42 ാം മിനിറ്റിൽ ചെന്നൈയുടെ ആദ്യ ഗോൾ പിറന്നു. മിഖായേൽ സിൽവസ്റ്ററാണ് ഗോൾ നേടിയത്.

വാശിയേറിയ മത്സരത്തിലുടനീളം ഫൗളുകൾ നിറഞ്ഞു. ഏഴ് മഞ്ഞ കാർഡുകളാണ് ഇന്നത്തെ കളിയിൽ താരങ്ങൾ കണ്ടത്. ഇതിൽ രണ്ട് പേർ നേരത്തേ മഞ്ഞക്കാർഡ് കണ്ടവരായതിനാൽ റെഡ്കാർഡിന് തുല്ല്യമായി. ഇരുവരും പുറത്തു പോകേണ്ടിവരികയും ചെയ്തു.

രണ്ടാം പകുതിയിൽ അൽപം മുന്നേറി കളിച്ച ബ്ലാസ്റ്റേഴ്‌സ് ചുരുക്കം ചില സമയങ്ങളിൽ ചില മുന്നേറ്റങ്ങൾ നടത്തി. വലിയ മാർജിനിൽ ജയിക്കുക എന്ന പ്രതീക്ഷ നഷ്ടപ്പെട്ടതിനാലാകണം ചെന്നൈയിന്റെ താരങ്ങൾക്ക് ഒന്നാം പകുതിയിലെ ആവേശം കണ്ടെടുക്കാനുമായില്ല.

അതിസമ്മർദ്ദത്തിന് അടിപ്പെട്ട് കളിയ്ക്കുന്നതിനിടെ 75 ാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് ഒരു സെൽഫ് ഗോൾ വഴങ്ങേണ്ടി വന്നു. തുടർന്ന് ചെന്നൈ ഫോം വീണ്ടെടുക്കുയായിരുന്നു. കളി തീരാൻ മിനിറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് ചെന്നൈ മൂന്നാം ഗോൾ നേടിയത്.

ആദ്യ പാദവും രണ്ടാം പാദവും മൂന്ന് ഗോളുകൾ വീതം ഇരു ടീമുകളും ലീഡ് നേടിയതിനാൽ കളി എക്‌സ്ട്രാ ടൈമിലേയ്ക്ക് നീണ്ടു. എക്‌സ്ട്രാ ടൈമിലെ 104 ാം മിനിറ്റിൽ ചെന്നൈയിൻ എഫ്.സി.യുടെ സൂപ്പർ താരം മറ്റരാസി രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. ഇതോടെ രണ്ട് ടീമിലും പത്ത് പേർ വീതമായി.