ലോകഫുട്‌ബോളറെ ഇന്നറിയാം

കഴിഞ്ഞ വർഷത്തെ മികച്ച ഫുട്ബോളർക്കുള്ള ഫിഫ പുരസ്കാരം ഇന്ന് പ്രഖ്യാപിക്കും. അർജന്റീനയുടെ ബാഴ്സലോണ താരം ലയണൽ മെസ്സിക്കും പോർച്ചുഗലിന്റെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കുമൊപ്പം ജർമ്മനിയുടെ ബയേൺ മ്യൂണിക് ഗോൾ കീപ്പർ മാനുവൽ ന്യൂയറാണ് ഇക്കുറി പുരസ്കാരത്തിന് പരിഗണനയിലുള്ളത്. സൂറിച്ചിലാണ് ബാലൻ ഡി ഓർ പുരസ്കാര പ്രഖ്യാപനം.
 | 

ലോകഫുട്‌ബോളറെ ഇന്നറിയാം
സൂറിച്ച്: കഴിഞ്ഞ വർഷത്തെ മികച്ച ഫുട്‌ബോളർക്കുള്ള ഫിഫ പുരസ്‌കാരം ഇന്ന് പ്രഖ്യാപിക്കും. അർജന്റീനയുടെ ബാഴ്‌സലോണ താരം ലയണൽ മെസ്സിക്കും പോർച്ചുഗലിന്റെ റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനോ റൊണാൾഡോയ്ക്കുമൊപ്പം ജർമ്മനിയുടെ ബയേൺ മ്യൂണിക് ഗോൾ കീപ്പർ മാനുവൽ ന്യൂയറാണ് ഇക്കുറി പുരസ്‌കാരത്തിന് പരിഗണനയിലുള്ളത്. സൂറിച്ചിലാണ് ബാലൻ ഡി ഓർ പുരസ്‌കാര പ്രഖ്യാപനം.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കാണ് ഏറ്റവും കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. കഴിഞ്ഞ വർഷം 60 മത്സരങ്ങളിൽ നിന്ന് 61 ഗോൾ നേടിയ റൊണാൾഡോ റയൽ മാഡ്രിഡിനെ യുവേഫ ചാമ്പ്യൻസ് ലീഗിലും സ്പാനിഷ് ലീഗിലും ചാമ്പ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. പോയവർഷം റയൽ നാല് കിരീടങ്ങളാണ് ക്രിസ്റ്റിയാനോയുടെ മികവിൽ നേടിയത്.

നാല് തവണ ലോകഫുട്‌ബോളർ പുരസ്‌കാരം സ്വന്തമാക്കിയ ലയണൽ മെസിയാണ് പുരസ്‌കാര സാധ്യതയിൽ രണ്ടാമതുള്ളത്. കഴിഞ്ഞ വർഷം രാജ്യത്തിന് വേണ്ടിയും ബാഴ്‌സക്ക് വേണ്ടിയും മെസി 66 മത്സരങ്ങളിൽ നിന്ന് 58 ഗോളുകൾ നേടി. ജർമനിയെ ലോകചാമ്പ്യൻമാരാക്കുന്നതിലും ബയേൺ മ്യൂണിക്കിന് ഇരട്ട കിരീടം നേടിക്കൊടുക്കുന്നതിലും നിർണായക പങ്ക് വഹിച്ചതാണ് മാനുവൽ ന്യൂയർ പട്ടികയിലെത്താൻ കാരണം. ഇത്തവണ ന്യൂയർക്ക് ലഭിക്കുകയാണെങ്കിൽ പുരസ്‌കാരം നേടുന്ന ആദ്യ ഗോളിയാകും അദ്ദേഹം.

മികച്ച താരത്തിന് പുറമേ മികച്ച കോച്ച്, മികച്ച വനിതാ താരം, മികച്ച ഗോൾ തുടങ്ങിയ പുരസ്‌കാരങ്ങളും ഇന്ന് പ്രഖ്യാപിക്കും. അന്താരാഷ്ട്ര ഫഉട്‌ബോൾ പരിശീലകരും ഫുട്‌ബോൾ ടീം നായകൻമാരും പ്രമുഖ സ്‌പോർട്‌സ് മാധ്യമപ്രവർത്തകരും ചേർന്നാണ് ഫിഫ ലോകഫുട്‌ബോളറെ തിരഞ്ഞെടുക്കുന്നത്. വനിതകളിൽ അഞ്ചുവട്ടം അവാർഡ് നേടിയ ബ്രസീലിന്റെ മാർത്ത, യു.എസിന്റെ സ്‌ട്രൈക്കറും 2012ലെ ജേതാവുമായ അബി വാംബാച്ച്, ജർമനിയുടെ മധ്യനിരക്കാരി നാദിന കെസ്ലർ എന്നിവരാണ് അന്തിമ പട്ടികയിൽ ഇടംപിടിച്ചത്. കോച്ചുമാരുടെ അവാർഡ് പട്ടികയിൽ ജർമനിയുടെ ജോക്വിം ലോ, റയാൽ മാഡ്രിഡിന്റെ കാർലോ ആൻസലോട്ടി, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ഡീഗോ സിമിയോണി എന്നിവരാണ് ഇടംപിടിച്ചത്.