ഐഎസ്എല്‍; ഡല്‍ഹി ഡൈനാമോസിനെ നയിക്കാന്‍ റോബര്‍ട്ടോ കാര്ലോസ് എത്തി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര് ലീഗിന്റെ ഈ സീസണില് ഡല്ഹി ഡൈനാമോസിനെ നയിക്കാന് മുന് ബ്രസീല് താരം റോബര്ട്ടോ കാര്ലോസ് എത്തി. ഡല്ഹിയില് നടന്ന ചടങ്ങിലാണ് ക്ലബ് കാര്ലോസിനെ അവതരിപ്പിച്ചത്. നാല്പ്പത്തിരണ്ടുകാരനായ ഈ മുന് ബ്രസീലിയന് വിംഗര് ഡല്ഹിയുടെ പരിശീലകനും മാര്ക്വീ മാനേജരുമാണ്.
1992 മുതല്‍ 2006 വരെ ബ്രസീലിന്റെ ദേശീയ ടീമില്‍ കളിച്ച കാര്‍ലോസ് റഷ്യന്‍ ക്ലബായ അന്‍ഷി മഖാച്കലയിലാണ് ഡല്‍ഹിയിലെത്തുന്നതിനു മുമ്പ് പ്രവര്‍ത്തിച്ചത്. 2011 സപ്തംബറിലാണ് അന്‍ഷിക്കുവേണ്ടി അവസാനമായി കളിച്ചത്. തുര്‍ക്കി ടീമായ അഖിസാര്‍ ബെലെഡിയെസ്‌പോറിന്റെ മാനേജരായി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ചു.
ശക്തിയേറിയ ഫ്രീകിക്കുകള്‍ക്ക് പേരുകേട്ട കാര്‍ലോസ് 2002ല്‍ ലോകകപ്പും 1997ലും 99ലും കോപ്പ അമേരിക്കയും നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. റയല്‍ മാഡ്രിഡിനുവേണ്ടി മൂന്ന് തവണ ചാമ്പ്യന്‍സ് ലീഗും സ്വന്തമാക്കിയിട്ടുണ്ട്. ബ്രസീലിനുവേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച രണ്ടാമത്തെ താരമാണ് കാര്‍ലോസ്.