ഐ.എം. വിജയന് വിഐപി ടിക്കറ്റ് നിഷേധിച്ചു; ഐഎസ്എല്‍ ഫൈനല്‍ കാണുന്നതിനു നല്‍കിയത് സാധാരണ ടിക്കറ്റ്
കൊച്ചി: മുന്‍ ഇന്ത്യന് ക്യാപ്റ്റന് ഐ.എം. വിജയന് ഐഎസ്എല് ഫൈനലില് അവഗണന. ഐഎസ്എല് സീസണ് മൂന്നിന്റെ ഫൈനല് മത്സരത്തിന് മുന് ഇന്ത്യന് ഫുട്ബോള് താരമായ ഐ.എം വിജയന് ജനറല് ടിക്കറ്റാണ് നല്കിയത്. തന്നെ കേരളാ ഫുഡ്ബോള് അസോസിയേഷന് അപമാനിച്ചുവെന്ന് ഐ.എം വിജയന് മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ടിക്കറ്റ് ആവശ്യപ്പെട്ട് ഐ.എം വിജയന്‍ കേരള ഫുട്‌ബോള്‍ ഫെഡറേഷനെ സമീപിച്ചത്. എന്നാല്‍ രണ്ട് സാധാരണ ടിക്കറ്റുകളാണ് അദ്ദേഹത്തിന് നല്‍കിയത്. ഫൈനല്‍ കൊല്‍ക്കത്തയില്‍ നടന്നിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കുമായിരുന്നില്ലെന്നും സൗരവ് ഗാംഗുലിയുടെ സമീപം തന്നെ ഇരിക്കാനുള്ള അവസരം കൊല്‍ക്കത്ത ഫുട്‌ബോള്‍ അസോസിയേഷന്‍ തങ്ങള്‍ക്ക് നല്‍കുമെന്നും വിജയന്‍ പറഞ്ഞു.
ഫുട്‌ബോളിനെക്കുറിച്ച് ഒന്നും അറിയാത്തവരാണ് അവിടെ കയറിയിരിക്കുന്നതെന്നും ഇങ്ങനെയൊക്കെ സംഭവിക്കുന്നതില്‍ സങ്കടമുണ്ടെന്നും തന്റെ അവസ്ഥ ഇങ്ങനെയാണെങ്കില്‍ മറ്റുള്ളവരുടെ കാര്യം എങ്ങനെയാണെന്ന് ഊഹിക്കാവുന്നതേയുള്ളൂവെന്നും വിജയന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിട്ടുള്ളവര്‍ക്ക് പോലും ടിക്കറ്റ് നല്‍കാതെ ഇവന്റ് മാനേജ്‌മെന്റ് കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍ക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ കേരളാ ഫുട്‌ബോള്‍ അസോസിയേഷന്‍ അധികൃതര്‍ വാര്‍ത്ത വിഷേധിച്ചു. വിജയന് വി.ഐ.പി ടിക്കറ്റ് തന്നെയാണ് നല്‍കിയതെന്നായിരുന്നു അസോസിയേഷന്‍ പ്രതികരിച്ചത്.