സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നില്‍ സാമ്പത്തിക ലക്ഷ്യങ്ങളെന്ന് റിപ്പോര്‍ട്ട്
കൊച്ചി: മുന്‍ ഇന്ത്യന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്ഡുല്ക്കര് കേരള ബ്ലാസ്റ്റേഴ്സിന്റെ ഓഹരികള് വില്ക്കാന് തീരുമാനിച്ചതിന് പിന്നില് സാമ്പത്തിക ലക്ഷ്യങ്ങളെന്ന് റിപ്പോര്ട്ട്. ഐ.എസ്.എല് ടീമുകള്ക്ക് തുടര്ച്ചയായി നഷ്ടങ്ങളുണ്ടാകുമെന്ന് നിരീക്ഷകര് മുന്നറിയിപ്പ് നല്കിയതിന് പിന്നാലെയാണ് സച്ചിന്റെ നീക്കമെന്നും സൂചനകളുണ്ട്. 2022 മാത്രമെ ഐ.എസ്.എല് ടീമുകള് ലാഭത്തിലേക്ക് എത്തുകയുള്ളുവെന്ന് നിരീക്ഷകര് വ്യക്തമാക്കിയിരുന്നു. ഒരോ സീസണിലും ഏതാണ്ട് 15 കോടി രൂപയ്ക്കടുത്ത് ഒരോ ടീമുകള്ക്കും നഷ്ടം വരുന്നതായും സൂചനകളുണ്ട്.
കഴിഞ്ഞ സീസണില്‍ മാത്രം പതിനഞ്ചു കോടിയോളമാണ് ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടം. ടീം തുടങ്ങിയതിനു ശേഷം ഇതു വരെ എണ്‍പതു കോടിയോളമാണ് ബ്ലാസ്റ്റേഴ്‌സിന്റെ നഷ്ടമായി കണക്കാക്കപ്പെടുന്നത്. വലിയ നഷ്ടത്തിന് ടീം ഓഹരികള്‍ സൂക്ഷിക്കുന്നതില്‍ കാര്യമില്ലെന്ന് സച്ചിന് സാമ്പത്തിക ഉപദേശം ലഭിച്ചതായി അഭ്യൂഹങ്ങളുണ്ട്. കൂടാതെ ബ്ലാസ്റ്റേഴ്‌സ് മത്സരങ്ങള്‍ കാണാനെത്താന്‍ സച്ചിന് ഒരു കോടി രൂപ പ്രതിഫലം നല്‍കിയിരുന്നായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പ്രീ-സീസണിന് ശേഷം ഉണ്ടായിരിക്കുന്ന മാറ്റങ്ങള്‍ ടീമിനെ പ്രതികൂലമായി ബാധിക്കാതിരിക്കാന്‍ ഉടമകള്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതായിട്ടാണ് സൂചന. സച്ചിന് പകരമായി ബ്ലാസ്റ്റേഴ്‌സിനെ പിന്തുണയ്ക്കാനായി മറ്റൊരു സെലിബ്രറ്റിയെ കണ്ടെത്തുമെന്നും അഭ്യൂഹങ്ങളുണ്ട്. കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന് പിന്നാലെ ബ്ലാസ്റ്റേഴ്‌സിന് ആരാധക പിന്തുണയും കുറഞ്ഞിരുന്നു.