റൊണാള്‍ഡൊ റയല്‍ മാഡ്രിഡിലേക്ക് തിരികെയെത്തുമെന്ന് ക്ലബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ്
മാഡ്രിഡ്: സൂപ്പര്‍ താരം ക്രിസ്റ്റ്യാന്യോ റൊണാള്‍ഡോ റയല്‍ മാഡ്രിഡിലേക്ക് തിരികെയെത്തുമെന്ന് പ്രഖ്യാപിച്ച് ക്ലബ് പ്രസിഡന്റ് ഫ്ളോറന്റീനോ പെരസ്. പക്ഷേ റയല്‍ ആരാധകര്‍ക്ക് അമിത പ്രതീക്ഷ വെച്ചു പുലര്‍ത്താവുന്ന തരത്തിലുള്ള ഒരു അറിയിപ്പായിരുന്നില്ല പെരസിന്റേത്. റയലിന് അദ്ദേഹത്തോടുള്ള അടുപ്പം ചൂണ്ടിക്കാണിച്ച് വിരമിച്ച ശേഷമെങ്കിലും റോണോയെ തിരികെ കൊണ്ടുവരുമെന്നാണ് പെരസ് നല്കുന്ന സൂചന. റയലിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച കളിക്കാരിലൊരാളാണ് റൊണാള്‍ഡൊ. എന്നാല്‍ ഈ സീസണില്‍ യുവന്റസിലേക്ക് ചേക്കേറാന്‍ താരം തീരുമാനിക്കുകയായിരുന്നു.
‘അപ്രതീക്ഷിതമായാണ് താരം റയല്‍ വിട്ട് യുവന്റസിലേക്കു ചേക്കേറുന്നത്. ക്ലബ് വിടുകയെന്നത് റൊണാള്‍ഡോയുടെ മാത്രം താല്പര്യമായിരുന്നു. ഞങ്ങള്‍ക്ക് താരത്തെ വിട്ടു കൊടുക്കാന്‍ താല്പര്യമുണ്ടായിരുന്നില്ല. അദ്ദേഹം എക്കാലവും മാഡ്രിഡ് ആരാധകരുടെ ഹൃദയങ്ങളില്‍ ജീവിക്കുന്ന താരമാണ്. ഡി സ്റ്റെഫാനോക്കു ശേഷം റയല്‍ മാഡ്രിഡ് കണ്ട ഏറ്റവും മികച്ച താരമായ റോണോ ഒരിക്കല്‍ മാഡ്രിഡിലേക്ക് തിരിച്ചെത്തും. അത് ചിലപ്പോള്‍ താരം വിരമിച്ചതിനു ശേഷമാവാം’ :- പെരസ് പറഞ്ഞു.
Cristiano Ronaldo WILL return to Real Madrid says Florentino Perezhttps://t.co/Y5HOFLZdvu
— Express Sport (@DExpress_Sport) September 25, 2018
ഏതാണ്ട് 9 വര്‍ഷത്തോളം റയലിന്റെ ഭാഗ്യതാരമായിരുന്നു റോണോ. ക്ലബിന് വേണ്ടി തുടര്‍ച്ചയായ മൂന്ന് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍, ഏറ്റവും കൂടുതല്‍ ഗോളുകള്‍ തുടങ്ങി റെക്കോര്‍ഡുകളുടെ പെരുമഴ തന്നെയുണ്ട് പോര്‍ച്ചുഗീസ് മുന്നേറ്റനിരക്കാരന്റെ പേരില്‍. എന്നാല്‍ പുതിയ സീസണില്‍ യുവന്റസിന് വേണ്ടി മൈതാനത്തിറങ്ങിയ താരത്തിന്റെ പ്രകടനം ഇതുവരെ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നിട്ടില്ല. കൂടാതെ ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ റെഡ് കാര്‍ഡും ലഭിച്ചിരുന്നു.