സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തി; മരണം ഉറപ്പിച്ച് രക്ഷാപ്രവര്‍ത്തകര്‍
കാര്‍ഡിഫ്: അര്‍ജന്റീനന്‍ ഫുട്ബോളര് എമിലിയാനോ സാല സഞ്ചരിച്ച വിമാനത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തി. സ്വകാര്യ ഏജന്സി നടത്തിയ അന്വേഷണത്തില് ഇംഗ്ലീഷ് ചാനലിലാണ് വിമാനത്തിന്റെ അവശിഷ്ടങ്ങള് കണ്ടെത്തിയിരിക്കുന്നത്. അതേസമയം സാലയെക്കുറിച്ചും പൈലറ്റ് ഡേവിഡ് ഇബോട്സനെക്കുറിച്ചും യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇരുവരും അപകടത്തില് മരണപ്പെട്ടിരിക്കുമെന്നാണ് രാക്ഷാദൗത്യം നടത്തുന്നവര് നല്കുന്ന സൂചന.
വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയ കാര്യം ഇരുവരുടെയും കുടുംബങ്ങളെ അറിയിച്ചിട്ടുണ്ട്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതോടെ അന്വേഷണം യു.കെ എയര്‍ ആക്‌സിഡന്റ് ഇന്‍വസ്റ്റിഗേഷന്‍ ബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ കാര്‍ഡിഫ് സിറ്റിക്കുവേണ്ടി 19.3 ദശലക്ഷം ഡോളറിന് കരാര്‍ ഒപ്പിട്ടതിനു പിന്നാലെയാണ് എമിലിയാനോ സാല സഞ്ചരിച്ച ചെറു വിമാനം കാണാതാവുന്നത്. ചാനല്‍ ദ്വീപിന് സമീപം വെച്ച് റഡാറില്‍നിന്ന് വിമാനം അപ്രത്യക്ഷമാകുകയായിരുന്നു.
ദിവസങ്ങള്‍ നീണ്ട തെരച്ചില്‍ നടത്തിയിട്ടും വിമാനത്തെക്കുറിച്ച് സൂചനകളൊന്നും ലഭിക്കാതിരുന്നതോടെ ഔദ്യോഗിക അന്വേഷണം അവസാനിപ്പിച്ചിരുന്നു. പി്ന്നീട് അദ്ദേഹത്തിന്റെ കുടുംബവും സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷണം നടത്തുകയായിരുന്നു.