ഏഷ്യാ കപ്പ്; പാകിസ്ഥാന്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്തു
ദുബായ്: ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് നിര്ണായക പോരാട്ടം അല്പ്പ സമയത്തിനകം ആരംഭിക്കും. ടോസ് നേടിയ പാകിസ്ഥാന് ബാറ്റിംഗ് തെരഞ്ഞെടുത്തു. ബാറ്റിംഗിനെ തുണയ്ക്കുന്ന പിച്ചില് ടോസ് നിര്ണായകമായിരുന്നു. വലിയ സ്കോര് നേടാനായാല് ഇന്ത്യയ്ക്ക് മേല് സമ്മര്ദ്ദം ചെലുത്താന് കഴിയുമെന്ന് പാക് നായകന് സര്ഫ്രാസ് അഹമ്മദ് വിശ്വാസം പ്രകടിപ്പിച്ചു. ഭുവനേശ്വര് കുമാര്, കുല്ദ്വീപ് യാദവ്, ജസ്പ്രീത് ഭുമ്ര, യോഗേന്ദ്ര ചഹല് തുടങ്ങിയവരായിരിക്കും ഇന്ത്യന് ബൗളിംഗിന് ചുക്കാന് പിടിക്കുക. മിഡില് ഓവറുകളില് പാക് ടീമിനെ സമ്മര്ദ്ദത്തിലാക്കാന് കേദാര് യാദവും ഹാര്ദ്ദിക്ക് പാണ്ഡ്യയും ഉണ്ടാകും.
കോലിയുടെ അഭാവത്തില്‍ റോഹിത് ശര്‍മ്മയാണ് ടീമിനെ നയിക്കുന്നത്. ശിഖര്‍ ധവാനും രോഹിതുമായിരിക്കും ഓപ്പണിംഗിനിറങ്ങുക. മൂന്നാം സ്ഥാനത്ത് അംബട്ടി റായിഡു അല്ലെങ്കില്‍ ദിനേശ് കാര്‍ത്തിക്കോ സ്ഥാനം പിടിക്കും. മധ്യനിരയില്‍ ധോനിയും ഹര്‍ദ്ദിക്കുമുണ്ടാകും. കേദാര്‍ യാദവിന് കൂടി നന്നായി ബാറ്റ് വീശാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക് വലിയ സ്‌കോറിനെ പിന്തുടര്‍ന്ന് ജയിക്കാന്‍ കഴിയും. കഴിഞ്ഞ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേറ്റ 180 റണ്‍സിന്റെ ദാരുണ തോല്‍വിക്ക് പകരം വീട്ടാനാകും ഇന്ന് ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നീലപ്പട ഇറങ്ങുക.
അതേസമയം ഇന്നലെ നടന്ന ഹോങ്കോങിനെതിരായ മത്സരത്തില്‍ പ്രതീക്ഷകള്‍ക്കൊത്ത പ്രകടനം കാഴ്ച്ചവെക്കാന്‍ ടീമിന് കഴിയാതിരുന്നത് ആശങ്ക ഉയര്‍ത്തുന്നുണ്ട്. 1984-ല്‍ പാക് ടീമിനെ തോല്‍പ്പിച്ചാണ് പ്രഥമ കിരീടം ഇന്ത്യ നേടിയത്. ഇരു ടീമുകളും ഇതുവരെ 12 തവണയാണ് ടൂര്‍ണമെന്റ് ചരിത്രത്തില്‍ മുഖാമുഖം എത്തിയത്. ഇതില്‍ 6 എണ്ണം ഇന്ത്യയും 5 എണ്ണം പാകിസ്ഥാനും ജയിച്ചു. ഒരു മത്സരം മഴമൂലം ഉപേക്ഷിക്കുകയായിരുന്നു.