ഏഷ്യന്‍ കപ്പ് ഫുട്ബോള്‍; ഇന്ത്യക്കിന്ന് യു.എ.ഇ കടമ്പ

അബുദാബി: തായ്ലന്റിനെ നാല് ഗോളിന് തറപറ്റിച്ച ആത്മവിശ്വാസവുമായി സുനില്‍ ഛേത്രിയും കൂട്ടരും ഇന്ന് യു.എ.ഇ നേരിടും. കണക്കുകള്‍ നോക്കി പ്രവചനം അസാധ്യമായ ഒന്നാണ് ഫുട്ബോള്‍. 90 മിനിറ്റില്‍ എന്ത് അദ്ഭുതവും സംഭവിച്ചേക്കാം. അതുകൊണ്ടു തന്നെ ഇന്ത്യക്ക് കണക്കുകളെ പേടിക്കേണ്ടതില്ല. ഫിഫ റാങ്കിംഗില്‍ ഇന്ത്യയെക്കാള്‍ ഏറെ മുന്നിലാണ് യു.എ.ഇ. എന്നാല്‍ ടൂര്‍ണമെന്റിലെ ടീമിന്റെ പ്രകടനം അത്ര മികച്ചതല്ല. തങ്ങളെക്കാള്‍ റാങ്കിംഗിലും പെരുമയിലും ഏറെ പിന്നിലുള്ള ബഹ്റൈനോട് സമനില വഴങ്ങിയാണ് യു.എ.ഇ തുടങ്ങിയത്. ഇന്ത്യയാകട്ടെ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രകടനമാണ് ആദ്യ മത്സരത്തില്‍ പുറത്തെടുത്തത്.
യു.എ.ഇയുടെ സ്വന്തം തട്ടകത്തിലാണ് മത്സരമെങ്കിലും പ്രവാസികള്‍ ഇന്ത്യയുടെ ചുണക്കുട്ടികള്‍ക്ക് ആവേശം പകരാന്‍ എത്തുമെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെന്റ്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് മത്സരം. സ്റ്റാര്‍ സ്പോര്‍ട്സില്‍ തല്‍സമയ സംപ്രേഷണം ഉണ്ടാകും. സമീപകാലത്ത് ഐസ്.എല്‍.എല്‍ നല്കിയ ഊര്‍ജത്തിലാണ് ഇന്ത്യ ഫുട്ബോള്‍. കളിമറന്നില്ലെങ്കില് ഇന്ത്യ യു.എ.ഇയെ മറികടന്ന് ഏഷ്യന്‍ കപ്പ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടും.
തായ്ലാന്റിനെതിരെ ഇന്ത്യന്‍ മിഡ്ഫീല്‍ഡ് പലപ്പോഴും പരാജയപ്പെടുന്ന കാഴ്ച്ച കാണാമായിരുന്നു. മിഡ്ഫീല്‍ഡിലെ മേല്‍ക്കൈ തായ്ലാന്റിന് വലിയൊരു ശതമാനം ബോള്‍ പൊസിഷനും സമ്മാനിച്ചു. പക്ഷേ വിംഗുകളിലൂടെയുള്ള ഇന്ത്യയുടെ ആക്രമണം ലോകനിലവാരത്തിലുള്ളതായിരുന്നു. ഗോള്‍ വേട്ടയില്‍ സാക്ഷാല്‍ ലയണല്‍ മെസ്സിയെപ്പോലും പിന്നിലാക്കി കുതിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാര്‍ സുനില്‍ ഛേത്രിയുടെ ഫിനിഷിംഗും ടീമിന്റെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതാണ്. ഇന്ന് ഇന്ത്യക്ക് സാധ്യതയുണ്ട്. ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ക്കും പുറമെ എല്ലാ ഗ്രൂപ്പില്‍ നിന്നുമായി ഏറ്റവും മികച്ച നാല് മൂന്നാം സ്ഥാനക്കാരും നോക്കൗട്ടിലേക്ക് യോഗ്യത നേടും. അതിനാല്‍ ആദ്യ മത്സരത്തില്‍ നാലു ഗോളുകളടിച്ചത് അനുഗ്രഹമാകും.