തകർപ്പൻ ജയം

ഇന്ത്യൻ സൂപ്പർ ലീഗിലെ സെമി ഫൈനൽ മത്സരത്തിൽ ചെന്നൈയിൻ എഫ്.സി യെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ് ഫൈനൽ സാധ്യത നിലനിർത്തി.
 | 
തകർപ്പൻ ജയം

 

കൊച്ചി:  ഇന്ത്യൻ സൂപ്പർ ലീഗിലെ സെമി ഫൈനൽ മത്സരത്തിൽ ചെന്നൈയിൻ എഫ്.സി യെ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലിലേക്കുള്ള ചുടവടുറപ്പിച്ചു. ചെന്നൈയിൻ എഫ്.സിയും കേരളാ ബ്ലാസ്‌റ്റേഴ്‌സും തമ്മിലുള്ള ആവേശകരമായ മത്സരത്തിനാണ് കൊച്ചി കലൂർ സ്‌റ്റേഡിയം സാക്ഷ്യംവഹിച്ചത്. ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രമുഖ താരമായ ഇയാൻ ഹ്യൂമിന്റെ നേതൃത്വത്തിലുള്ള ടീം മികച്ച ആക്രമണമാണ് കളിയിലുടനീളം കാഴ്ചവെച്ചത്.

ആദ്യ പകുതിയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ 2 ഗോളുകൾക്ക് മുന്നിലായിരുന്നു. ഇരുപത്താറാം മിനിറ്റിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗോൾ പിറന്നു. ശ്രീനഗർ സ്വദേശിയായ ഇഷ്ഫാക്ക് അഹമ്മദാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോൾ നേടിയത്. രണ്ട് മിനിറ്റിന് ശേഷം ഗ്യാലിയിലെ പതിനായിരങ്ങളെ സാക്ഷിയാക്കി ബ്ലാസ്റ്റേഴ്‌സിന്റെ പ്രിയതാരം ഇയാൻ ഹ്യൂം ഗോളടിച്ചു. ഇരുപത്തെട്ടാം മിനിറ്റിലായിരുന്നു ഹ്യൂമിന്റെ അനായാസമായ ഗോൾ പിറന്നത്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധ നിര പ്രതീക്ഷയ്ക്കപ്പുറം ഉയരുന്ന കാഴ്ചയായിരുന്നു കൊച്ചിയിലെ സെമിഫൈനലിൽ കാണാനായത്.  സന്ദീപ് നന്ദിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ വല കാത്തത്. പരുക്കേറ്റ പ്രതിരോധനിര താരം സന്ദേശ് ജിങ്കാറും ഇന്ന് കളിച്ചില്ല.

ടൂർണമെന്റിൽ ഉടനീളം മോശം പ്രകടനത്തിന്റെ പേരിൽ പഴി കേൾക്കേണ്ടിവന്ന ടീമാണ് ബ്ലാസ്‌റ്റേഴ്‌സ്. എന്നാൽ ഇന്ന് അതിഗംഭീര പ്രകടനത്തിലൂടെ ടീം ഊർജ്ജസ്വലമായ തിരിച്ചു വരവാണ് നടത്തിയിരിക്കുന്നത്. ഈ ആവേശം കാണികളിലേയ്ക്കും പടർന്നു. ആർത്തിരമ്പിയ കാണികളിലൂടെ മത്സരത്തിലുടനീളം ഗ്യാലറികൾ സജീവമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് അത്യന്തം ആവേശകരമായ പിന്തുണയാണ് കൊച്ചിയിലെ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ കാണികൾ നൽകിയത്.

മൈക്കിൾ ചോപ്ര 59 ാം മിനിറ്റിൽ പരിക്ക് മൂലം പിൻമാറി. ബ്ലാസ്റ്റേഴ്‌സ് താരം മൈക്കിളിന് പകരക്കാരനായി ആൻഡ്രൂ ബാരിസിക് ഇറങ്ങി. 65 ാം മിനിററിൽ ലഭിച്ച ഫ്രീ കിക്ക് ഗോളാക്കി മാറ്റാൻ ഇയാം ഹ്യൂമിന് സാധിച്ചില്ല. കളി തീരാൻ ഒരു മിനിട്ട് അവശേഷിക്കേ ഇഞ്ച്വറി ടൈമിലെ 94 ാം മിനിറ്റിൽ മലയാളി താരം സുശാന്ത് മാത്യു നേടിയ ഗംഭീര ഗോൾ ബ്ലാസ്‌റ്റേഴ്‌സിന്റെ സെമി പോരാട്ടത്തിന് മികച്ച അന്ത്യംനൽകി.

കേരളാ ബ്ലാസ്റ്റേഴ്‌സ് സഹ ഉടമയായ സച്ചിൻ ടെൻഡുൽക്കർക്കൊപ്പം ക്രിക്കറ്റ് താരങ്ങളായ യുവ്‌രാജ് സിങും, സഹീർ ഖാനും കളികാണാനെത്തി. ചെന്നൈയിൻ എഫ്.സി യുടെ സഹഉടമയും ബോളിവുഡ് താരവുമായ അഭിഷേക് ബച്ചനും  ടീമിന് ആവേശം പകരാൻ എത്തിയിരുന്നു. സച്ചിന്റെ മുഖത്ത് ടീമിന്റെ വിജയ പ്രതീക്ഷകൾ പ്രതിഫലിച്ച് കാണാമായിരുന്നു.  ആദ്യ പകുതിയിൽ കേരളം രണ്ട് ഗോളിന് മുന്നിട്ടു നിൽക്കുന്ന സമയത്ത് സച്ചിൻ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദി അറിയിച്ചു.

ലീഗ് റൗണ്ട് പോരട്ടത്തിലെ രണ്ടു മത്സരത്തിലും ജയം ചെന്നൈയിൻ എഫ്,സി യ്ക്കായിരുന്നു. ചെന്നൈയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കും കൊച്ചിയിൽ നടന്ന മത്സരത്തിൽ ഏപക്ഷീയമായ ഒരു ഗോളിനുമായിരുന്നു ടീം ചെന്നൈയിന്റെ വിജയം. ഇതിനെല്ലാം വളരെ ശക്തമായ മറുപടിയാണ് ബ്ലാസ്റ്റേഴ്‌സ് ശക്തമായ പോരാട്ടത്തിലൂടെ നൽകിയത്.