ഇതാണ് ആരാധകരുടെ കേരളാ ബ്ലാസ്റ്റേഴ്‌സ്! വന്‍തിരിച്ചുവരവ് നടത്തി മഞ്ഞപ്പട
കൊച്ചി: ചിരവൈരികളായ അത്ലറ്റിക്കോ ഡി കൊല്ക്കത്തയെ സ്വന്തം തട്ടകത്തില് തകര്ത്തെറിഞ്ഞാണ് കേരള ബ്ലാസ്റ്റേഴ്സ് ഐ.എസ്.എല് സീസണില് അരങ്ങേറിയത്. എന്നാല് പിന്നീടങ്ങോട്ട് ഒരു മത്സരത്തില് പോലും ആരാധകപ്രതീക്ഷക്കൊത്ത് പന്ത് തട്ടാന് ജിങ്കനും കൂട്ടര്ക്കും കഴിഞ്ഞില്ല. തുടര്ച്ചയായ സമനിലകള്, ഹോം മാച്ചുകളില് പോലും പരാജയം തുടങ്ങി സകല മേഖലകളിലും പരാജിതരെന്ന ഖ്യാതിയാണ് പിന്നീട് മഞ്ഞപ്പടയെ തേടിയെത്തിയത്. അനസ് എടത്തൊടിക, സന്ദേഷ് ജിങ്കന്, ലക്കിസ് പെസിച്ച് തുടങ്ങി സീസണിലെ ഏറ്റവും മികച്ച പ്രതിരോധ താരങ്ങളുണ്ടായിട്ടും വന്മതില് തീര്ക്കാന് ജെയിംസിന്റെ ടീമിനായില്ല.
കളി മികവുള്ള താരങ്ങളുണ്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് തന്ത്രങ്ങളില്‍ പിഴച്ചു. ആദ്യത്തെ മൂന്ന് മത്സരങ്ങളൊഴിച്ചാല്‍ പിന്നീട് നടന്ന 8 മത്സരങ്ങളിലും വ്യത്യസ്ത തന്ത്രമാണ് കോച്ച് ഡേവിഡ് ജെയിംസ് പുറത്തെടുത്തത്. എല്ലാം പിഴച്ചുവെന്ന് വേണം പറയാന്‍. എന്നാല്‍ കോച്ചിന്റെ സീറ്റില്‍ ആള് മാറിയതോടെ കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ സാധ്യതയുണ്ടെന്നാണ് അവസാനത്തെ മത്സരഫലം സൂചിപ്പിക്കുന്നത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ജിങ്കനും കൂട്ടര്‍ക്കും സ്വന്തം തട്ടകത്തില്‍ ആധികാരികമായ ജയം. കഴിഞ്ഞ സീസണിലെ ജേതാക്കളെ എതിരില്ലാത്ത മൂന്ന് ഗോളിന് തകര്‍ത്താണ് കേരളം മുന്നേറിയത്.
അച്ചടക്കത്തോടെ തുടങ്ങിയ കേരളത്തിന് ആദ്യം മുതല്‍ അവസാനം വരെ ആക്രമണമികവ് തുടരാന്‍ കഴിഞ്ഞുവെന്നതാണ് ഇന്നലെത്തെ മത്സരത്തിന്റെ പ്രധാനപ്പെട്ട ഘടകം, 23, 55 മിനിറ്റുകളില്‍ മത്തേജ് പൊപ്ലാറ്റ്‌നിക്കും 71-ാം മിനിറ്റില്‍ മലയാളി താരം സഹല്‍ അബ്ദുള്‍ സമദുമാണ് ബ്ലാസ്റ്റേഴ്‌സിന്റെ ഗോളുകള്‍ നേടിയത്. ലീഗിലെ 16 മത്സരങ്ങളില്‍ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാമത്തെ വിജയമാണിത്. ഈ സീസണിലെ ഹോം മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് നേടുന്ന ആദ്യ വിജയവും.
ആറ് മാസത്തെ വിലക്ക് നേരിടുന്ന എം.പി. സക്കീറും ബംഗളൂരുവിനെതിരായ മത്സരത്തില്‍ മോശം പെരുമാറ്റത്തിന് രണ്ട് മത്സരത്തില്‍ വിലക്ക് വന്ന പ്രതിരോധ താരം പെസിച്ചിനും കളത്തിലിറങ്ങാന്‍ കഴിയാതിരുന്നത് കേരളത്തിന് വലിയ തിരിച്ചടി നല്‍കുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ നെലോ വിന്‍ഗാഡയുടെ ശിക്ഷണത്തില്‍ ടീമിന് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ കഴിഞ്ഞു. അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പ് മാത്രമാണ് ഇനിയുള്ള മത്സരങ്ങള്‍. എന്തായാലും കോച്ചിന്റെ മാറ്റത്തോടെ ടീമിന്റെ ഓവറോള്‍ കരുത്തിലുണ്ടായ മാറ്റത്തില്‍ ആരാധകര്‍ തൃപ്തരാണ്.