ഡേവിഡ് ജെയിംസ് പുറത്തുപോയാലും ബ്ലാസ്റ്റേഴ്‌സ് കരകയറില്ല!; വിമര്‍ശനങ്ങളുമായി ആരാധകരും
കൊച്ചി: ഇന്ത്യന്‍ സൂപ്പര് ലീഗില് കേരളത്തിന്റെ സ്വന്തം ടീമായ കേരളാ ബ്ലസ്റ്റേഴ്സ് എഫ്.സിക്ക് ഇത്തവണത്തേത് തിരിച്ചടികളുടെ സീസണാണ്. ബ്ലാസ്റ്റേഴ്സിന്റെ കരിയറില് ഏറ്റവും കൂടുതല് വിജയ ശതമാനം ഉണ്ടായിരുന്നിട്ടും 2016-17 സീസണിന് ശേഷം കോച്ച് സ്റ്റീവ് കോപ്പലിനെ ടീം മാനേജ്മെന്റ് പുറത്താക്കി. പിന്നീടാണ് ബ്ലാസ്റ്റേഴ്സിന്റെ യഥാര്ത്ഥ പ്രതിസന്ധി ആരംഭിക്കുന്നത്. റെനെ മ്യൂളന്സ്റ്റീനായിരുന്നു പിന്നീട് പരിശീലകന്. ഇംഗ്ലീഷ് ക്ലബ്ബുകളെപ്പോലും പരിശീലിപ്പിച്ചിട്ടുള്ള പേരുകേട്ട കോച്ച് ടീമിനെ വിജയത്തിലെത്തിക്കുമെന്ന് ആരാധകരും മാനേജ്മെന്റും പ്രതീക്ഷിച്ചു. എന്നാല് ബ്ലാസ്റ്റേഴ്സിനെ ഇതുവരെ പരിശീലിപ്പിച്ച ഏറ്റവും മോശം കോച്ചെന്ന പേര് വാങ്ങിയാണ് മ്യൂളന്സ്റ്റീന് മടങ്ങിയത്.
രക്ഷകനായി അവതരിക്കാന്‍ മാനേജ്‌മെന്റ് വീണ്ടും നിയോഗിച്ചത് ഇംഗ്ലണ്ടുകാരന്‍ ഡേവിഡ് ജെയിംസിനെയായിരുന്നു. സീസണിലെ ആദ്യ മത്സരത്തില്‍ അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്തയെ തകര്‍ത്തെറിഞ്ഞ് ആരംഭിച്ച കേരളത്തിന്റെ കൊമ്പന്മാര്‍ പിന്നീടൊരിക്കലും തലയുയര്‍ത്തിയില്ല. ജെയിംസിന്റെ പരീക്ഷണ തന്ത്രങ്ങള്‍ ഒരോന്നായി പരാജയപ്പെട്ടു. സി.കെ. വിനീത്, അനസ് എടത്തൊടിക, പ്രശാന്ത്, സഹല്‍ അബ്ദുല്‍ സമദ് തുടങ്ങി മലയാളിപ്പെരുമ മരുന്നിന് പോലും ശോഭിച്ചില്ല.
കോച്ചിനെ മാറ്റി മുഖം രക്ഷിക്കാനുള്ള മാനേജ്‌മെന്റ് ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. എന്നാല്‍ കോച്ചിനെ മാറ്റിയത് കൊണ്ട് മാത്രം കാര്യങ്ങള്‍ അനുകൂലമാകില്ലെന്നാണ് ആരാധകരുടെ പക്ഷം. മിഡ്ഫീല്‍ഡില്‍ സഹല്‍ അബ്ദുല്‍ സമദ് മാത്രമാണ് പ്രതീക്ഷയ്‌ക്കൊത്ത വളര്‍ച്ച നേടിയ താരമെന്ന ഖ്യാതി നേടിയിരിക്കുന്നത്. വിദേശതാരങ്ങള്‍ ഒരാള്‍പോലും മികച്ച ഫിനിഷിംഗിന് കഴിയാത്തവരാണ്. പ്രതിരോധത്തില്‍ പെരിസിച്ചും ജിങ്കനും മികച്ചു നില്‍ക്കുന്നുണ്ട്. എങ്കിലും അനസിന്റെ ഫോമില്ലായ്മ ടീമിന് അലട്ടുന്നു. ധീരജ് സിംഗിന്റെ ഗോള്‍ കീപ്പിംഗ് മാത്രമാണ് ഈ സീസണിലെ മാനേജ്‌മെന്റ് കണ്ടെത്തല്‍. മറ്റുള്ള പരീക്ഷണങ്ങളെല്ലാം പാഴായിപ്പോയി എന്ന് വേണമെന്നും വേണം കരുതാന്‍.
ടീമിനെ അടിമുടി ഉടച്ചു വാര്‍ക്കുന്നതിലൂടെ മാത്രമെ ബ്ലാസ്റ്റേഴ്‌സിന് വിജയപാതയിലേക്ക് തിരികെയെത്താന്‍ കഴിയൂ. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ഉടമ സ്ഥാനത്ത് നിന്ന് മാറിയതോടെ കാര്യങ്ങള്‍ മാനേജ്‌മെന്റിനും പ്രതികൂലമാണ്. പ്രതിഭകളെ കണ്ടെത്തി വളര്‍ത്തിയെടുക്കാനുള്ള ക്ലബ്ബിന്റെ ശ്രമങ്ങള്‍ ആരാധകര്‍ സ്വീകരിക്കുന്നുവെന്നതും പ്രതീക്ഷയാണ്. നല്ല ക്വാളിറ്റി താരങ്ങളെ കൊണ്ടുവരാതെ കേരളത്തിന്റെ സ്വന്തം കൊമ്പന്‍മാര്‍ക്ക് ഭാവിയില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകര്‍.