പരസ്യ വിവാദം; മുഹമ്മദ് സലാഹിന്റെ കുടുംബത്തിന് ഭീഷണി
ലിവര്‍പൂള്‍: ഈജിപ്റ്റ് ഫുട്ബോള്‍ ടീം സ്പോണ്‍സര്‍മാര്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിവാദം കടുക്കുന്നു. ഈജിപ്റ്റ് ഫുട്ബോള്‍ അസോസിയേഷനില്‍ സ്വാധീനമുള്ള ഖാലിദ് ലത്തീഫ് എന്നയാള്‍ സലാഹിനെയും കുടുംബത്തെയും പരസ്യമായി ഭീഷണിപ്പെടുത്തി രംഗത്ത് വന്നു. സലാഹിനോട് എനിക്ക് ഓര്‍മിപ്പിക്കാനുള്ളത്, അദ്ദേഹത്തിന്റെ മാതാവ് ഇപ്പോഴും ഈജിപ്റ്റിലാണെന്നാണെന്ന് ഖാലിദ് ട്വീറ്റ് ചെയ്തു.
നിനക്ക് ഇഷ്ടമുള്ളത് ചെയ്യാം, കാരണം നീ വിദേശത്താണ്. പക്ഷേ നിന്റെ അമ്മ ഈജിപ്റ്റിലാണ് ഇപ്പോഴുള്ളതെന്ന് ഓര്‍ക്കണം, അക്കാര്യം മനിസിലാക്കേണ്ടവര് മനസിലാക്കണം, ഖാലിദ് ട്വിറ്ററില്‍ കുറിച്ചു. ഭീഷണി സോഷ്യല്‍ മീഡിയയില്‍ വിവാദമായതിനെ തുടര്‍ന്ന് ഇയാളുടെ ട്വിറ്റര്‍ ഹാന്‍ഡില്‍ റിമൂവ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഈജിപ്റ്റ് ഫുട്ബോള്‍ ഫെഡറേഷന്റെ ഒഫീഷ്യല്‍ സ്പോണ്‍സര്‍മാരായ ‘വീ’ തന്റെ ചിത്രം അനുവാദമില്ലാതെ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് നേരത്തെ സലാഹ് രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ഫെഡറേഷന് താരങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നേരമില്ലെന്ന് സലാഹ് വിമര്‍ശിച്ചു. വോഡഫോണുമായി ബന്ധപ്പെട്ട് നിലവില്‍ സലാഹിന് കരാറുണ്ട്. അതുകൊണ്ട് തന്നെ മറ്റൊരു മൊബൈല്‍ കമ്പനിയുടെ പരസ്യത്തില്‍ സലാഹ് പ്രത്യക്ഷപ്പെട്ടാല്‍ നിയമ നടപടി നേരിടേണ്ടി വരും.