ബാർസിലോണയ്ക്ക് വിജയം; മെസിക്ക് നേരെ എതിർ ടീം ആരാധകന്റെ കുപ്പിയേറ്

സ്പാനിഷ് ലീഗിൽ ബാർസിലോണ-വെലൻസിയ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസിക്ക് നേരെ കുപ്പിയേറ്. ഇഞ്ച്വറി ടൈമിൽ ബാർസിലോണ താരം സെർഗിയോ ബസ്ക്വെറ്റ്സ് നേടിയ വിജയ ഗോളിന്റെ ആഹ്ലാദം പങ്കിടുന്നതിനിടെയായിരുന്നു മെസിക്ക് ഗ്യാലറിയിൽ നിന്ന് കുപ്പിയേറുണ്ടായത്.
 | 
ബാർസിലോണയ്ക്ക് വിജയം; മെസിക്ക് നേരെ എതിർ ടീം ആരാധകന്റെ കുപ്പിയേറ്

 

വെലൻസിയ: സ്പാനിഷ് ലീഗിൽ ബാർസിലോണ-വെലൻസിയ മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസിക്ക് നേരെ കുപ്പിയേറ്. ഇഞ്ച്വറി ടൈമിൽ ബാർസിലോണ താരം സെർഗിയോ ബസ്‌ക്വെറ്റ്‌സ് നേടിയ വിജയ ഗോളിന്റെ ആഹ്ലാദം പങ്കിടുന്നതിനിടെയായിരുന്നു മെസിക്ക് ഗ്യാലറിയിൽ നിന്ന് കുപ്പിയേറുണ്ടായത്. ബാർസിലോണ താരങ്ങൾക്കിടയിലേയ്ക്ക് എറിഞ്ഞ വെള്ളത്തിന്റെ കുപ്പി മെസിയുടെ തലയിലാണ് കൊണ്ടത്.

ഏറുകൊണ്ട മെസി അൽപനേരം ഗ്രൗണ്ടിൽ തലകുനിഞ്ഞു നിന്നു.  തല തിരുമ്മിയശേഷം റഫറി ഡേവിഡ് ഫെർണാണ്ടസിനടുത്തെത്തി മെസി പരാതിപ്പെട്ടപ്പോൾ റഫറി മഞ്ഞക്കാർഡ് കാണിച്ചു. സമയം നഷ്ടമാക്കാനായി മെസി അനാവശ്യമായി പരാതിപ്പെടുകയാണെന്ന് കരുതിയാണ് റഫറിയുടെ ഈ നടപടി. മെസ്റ്റല്ല സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് ബാർസിലോണ വിജയികളായി.

സംഭവത്തെ അപലപിച്ച വെലൻസിയ ക്ലബ്ബ് അധികൃതർ കുറ്റക്കാരനെ കണ്ടെത്തിയാൽ സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് അയാൾക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തുമെന്നും വാർത്താക്കുറിപ്പിൽ അറിയിച്ചു.