ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെതിരെ പോലീസ് കേസെടുത്തേക്കും
ലിവര്‍പൂള്‍: വാഹനം ഓടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് ലിവര്‍പൂള്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹിനെതിരെ പോലീസ് കേസെടുത്തേക്കും. താരം വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ ലിവര്‍പൂള്‍ എഫ്. മെഴ്സിസെയ്ഡ് പൊലീസില്‍ റിപ്പോര്‍ട്ട് നല്കി.
ഈജിപ്ഷ്യന്‍ മുന്നേറ്റനിര താരവുമായി സലാഹിനെതിരെ ഇത്തരമൊരു കേസ് ആദ്യമായിട്ടാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പൊതുവെ വിവാദങ്ങളില്‍ നിന്ന് അകന്ന് നില്ക്കുന്ന വ്യക്തിയാണ് സലാഹ്. വെസ്റ്റ്ഹാം യുണൈറ്റഡിനെതിരേ നടന്ന മത്സരശേഷം കാറില്‍ സഞ്ചരിക്കുമ്പോഴാണ് സലാഹ് മൊബൈല്‍ ഉപയോഗിച്ചത്. വാഹനത്തിന് സമീപം കുട്ടികളുണ്ടായിരുന്നുവെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു.
ബ്രിട്ടീഷ് ഡ്രൈവിങ് നിയമപ്രകാരം ഓടിക്കൊണ്ടിരിക്കുമ്പോഴും എഞ്ചിന് ഓണ്‍ ചെയ്ത് നിര്‍ത്തിയിട്ടിരിക്കുമ്പോഴും സിഗ്നല്‍ ക്രോസുകളില്‍ വെച്ചും ഡ്രൈവര്‍ മൊബൈല്‍ ഉപയോഗിക്കുന്നത് കുറ്റകരമാണ്. സലാഹിന് നല്ലൊരു തുക പിഴ നല്‍കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.