‘എനിക്ക് ക്യൂബയില്‍ മൂന്ന് കുട്ടികള്‍ കൂടിയുണ്ട്’; അവസാനം ഏറ്റുപറഞ്ഞ് മറഡോണ

ഹവാന: എക്കാലവും ഫുട്ബോള്‍ ലോകത്തിന്റെ ചര്‍ച്ചാവിഷയങ്ങളിലൊന്നായിരുന്നു ഇതിഹാസതാരം ഡിഗോ മറഡോണയുടെ ജീവിതം. മൈതാനത്തിന് പുറത്തും അകത്തുമായി നിരവധി വിവാദങ്ങള്‍ താരത്തെ പിന്തുടര്ന്നു. ദൈവത്തിന്റെ കൈ യെന്നാണ് മറഡോണയുടെ കളിക്കളത്തിലെ ഏറ്റവും വിവാദം നിറഞ്ഞ ഹാന്‍ഡ് ബോള്‍ ഗോളിനെ ലോകം വിശേഷിപ്പിച്ചത്. മൈതാനത്തിന് വെളിയില്‍ ലഹരിക്ക് അടിമപ്പെട്ട് പോയൊരു പൂര്‍വ്വകാലവും മറഡോണയ്ക്ക് പറയാനുണ്ട്. താരത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ ചര്‍ച്ച ക്യൂബയിലെ മൂന്ന് കുട്ടികളുടെ പിതൃത്വവുമായി ബന്ധപ്പെട്ടതാണ്.
ലഹരിക്കടമിയായി ചികിത്സ തേടിയിരുന്ന കാലത്ത് മറഡോണ ജീവിച്ചിരുന്നത് ക്യൂബയിലാണ്. ഇക്കാലയളവില്‍ മറഡോണയ്ക്ക് മൂന്ന് കുട്ടികള്‍ കൂടിയുണ്ടായിരുന്നുവെന്ന് ഈയിടെ ആരോപണമുയര്‍ന്നു. ആദ്യഘട്ടത്തില്‍ പ്രതികരിക്കാതിരുന്ന മറഡോണ പിന്നീട് കുട്ടികളുടെ പിതൃത്വം സംബന്ധിച്ച് ഏറ്റുപറച്ചില്‍ നടത്തി. ആ മൂന്ന് കുട്ടികളുടെയും പിതാവ് താനാണെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞു. പിതൃത്വ പരിശോധനകള്‍ക്കായി മറഡോണ ഈ വര്‍ഷം അവസാനത്തോടെ ക്യൂബയില്‍ പോകുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനും വ്യക്തമാക്കിയിട്ടുണ്ട്.
ക്യൂബന്‍ വിപ്ലവ നായകന് ഫിഡല്‍ കാസ്ട്രോയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് മറഡോണ. ഒരുകാലത്ത് അദ്ദേഹത്തിന്റെ ചിത്രം ശരീരത്തില്‍ പച്ചകുത്തുക പോലും ചെയ്തിരുന്നു. ക്യൂബയിലേക്ക് നിരന്തരം സന്ദര്‍ശനം നടത്താനും മറഡോണ സമയം കണ്ടെത്തിയിരുന്നു. മുന്‍ ഭാര്യ ക്ലോഡിയോ വിലാഫെയ്നിലുള്ള രണ്ട് പെണ്മക്കളല്ലാതെ (ദല്‍മ – 31, ഗിയാനിന – 29) തനിക്ക് വേറെ മക്കളില്ലെന്ന് ആദ്യകാലങ്ങളില്‍ വാദിച്ചിരുന്ന മറഡോണ വെട്ടിലാവുന്നത് മക്കളുടെ പിതൃത്വം അവകാശപ്പെട്ട് കാമുകിമാര്‍ രംഗത്ത് വരുന്നതോടെയാണ്. നിലവില്‍ 8 മക്കളുടെ പിതാവ് താനാണെന്ന് 58കാരനായ മറഡോണ സമ്മതിച്ചു കഴിഞ്ഞു.