മുഹമ്മദൻസ് ക്ലബ് പൂട്ടുന്നില്ല; ഈ സീസണിൽ നിന്ന് വിട്ടുനിൽക്കും

ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്ബോൾ ക്ലബ്ബായ മുഹമ്മദൻസ് പൂട്ടുന്നുവെന്ന വാർത്തയെ ഭാരവാഹികൾ നിഷേധിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ലബ് ഈ സീസണിലെ കളികളിൽ നിന്ന് വിട്ടുനിൽക്കാൻ മാത്രമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ക്ലബ്ബിന്റെ പ്രസിഡന്റും പാർലമെന്റംഗവുമായ സുൽത്താൻ അഹമ്മദ് പറഞ്ഞു.
 | 

മുഹമ്മദൻസ് ക്ലബ് പൂട്ടുന്നില്ല; ഈ സീസണിൽ നിന്ന് വിട്ടുനിൽക്കും
കൊൽക്കത്ത: ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഫുട്‌ബോൾ ക്ലബ്ബായ മുഹമ്മദൻസ് പൂട്ടുന്നുവെന്ന വാർത്തയെ ഭാരവാഹികൾ നിഷേധിച്ചു. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ക്ലബ് ഈ സീസണിലെ കളികളിൽ നിന്ന് വിട്ടുനിൽക്കാൻ മാത്രമാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ക്ലബ്ബിന്റെ പ്രസിഡന്റും പാർലമെന്റംഗവുമായ സുൽത്താൻ അഹമ്മദ് പറഞ്ഞു.

സാമ്പത്തിക ബാധ്യതയെത്തുടർന്ന് ‘ഐ’ ലീഗിൽ ഈ സീസണിൽ രണ്ടാം ഡിവിഷനിലും കളിക്കില്ലെന്ന് ക്ലബ് അധികൃതർ അറിയിച്ചു. തിങ്കളാഴ്ച നടന്ന പ്രവർത്തക സമിതി യോഗമാണ് ഈ തീരുമാനമെടുത്തത്. ഗോവയിൽ ഈ മാസം 28 ന് തുടങ്ങുന്ന ഡ്യൂറന്റ് കപ്പ് ടൂർണമെന്റിലും ക്ലബ് കളിക്കില്ല.

കളിക്കാർക്കും പരിശീലകർക്കും മൂന്ന് മാസമായി ശമ്പളം നൽകാൻ കഴിയുന്നില്ല. ഇതാണ് നടപടിയിലേക്ക് നയിച്ചത്. രണ്ട് വർഷമായി സ്‌പോൺസർമാരെ ലഭിക്കാതിരുന്നതാണ് ക്ലബ്ബിനെ പ്രതിസന്ധിയിലാക്കിയത്. പല പ്രമുഖ കമ്പനികളേയും സ്‌പോൺസർഷിപ്പിനായി സമീപിച്ചെങ്കിലും ഫലമുണ്ടായില്ലെന്ന് ക്ലബിന്റെ അസിസ്റ്റന്റ് ജനറൽ സെക്രട്ടറി രാജു അഹമ്മദ് പറഞ്ഞു.

ക്ലബ് അംഗങ്ങളിൽ നിന്ന് വാർഷികഫീസായി 500 രൂപ വീതം ലഭിക്കുന്നത് മാത്രമാണ് വരുമാനം. സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടാൽ അടുത്ത സീസണിൽ കൽക്കത്ത ഫുട്‌ബോൾ ലീഗിൽ മാത്രം കളിക്കുമെന്നാണ് ക്ലബ് അധികൃതർ പറയുന്നത്.

123 വർഷം പഴക്കമുള്ള മുഹമ്മദൻസ് ക്ലബ് ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിന്റെ ഭാഗമാണ്. കഴിഞ്ഞ സീസണിൽ ഐ.എഫ്.എ. ഷീൽഡും ഡ്യൂറൻഡ് കപ്പും നേടിയ ടീമിന് ‘ഐ’ ലീഗിൽനിന്ന് തരം താഴ്ത്തിയതാണ് പെട്ടെന്നുള്ള പ്രതിസന്ധിക്ക് കാരണം.