ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഹോം മാച്ച് ഇന്ന്; ആശങ്ക ഉയര്‍ത്തി മഴ
കൊച്ചി: ഐ.എസ്.എല്‍ സീസണിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റി എഫ്സിയെ നേരിടും. കേരളത്തിന്റെ ആദ്യ ഹോം മാച്ചിന് ആശങ്കയായി പക്ഷേ മഴ തകര്‍ത്തു പെയ്യുകയാണ്. രാത്രി 7.30നാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ പന്തുരുളുക. ആദ്യ മത്സരത്തില്‍ വമ്പന്മാരായ കൊല്‍ക്കത്തയെ അവരുടെ തട്ടകത്തില്‍ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ജിങ്കനും കൂട്ടരും ഇന്നിറങ്ങുന്നത്. ഏതാണ്ട് 25000 ത്തോളം കാണികളെയാണ് കൊച്ചി ഇന്ന് പ്രതീക്ഷിക്കുന്നത്.
മുംബൈയുടെ തുടക്കം അത്ര ശുഭകരമല്ല. നന്നായി കളിച്ചിട്ടും ജംഷഡ്പൂരിനോട് തോല്‍ക്കേണ്ടി വന്നതിന്റെ ആഘാതം ടീമിനുണ്ട്. കേരളത്തിന്റെ ഹോം ഗ്രൗണ്ടില്‍ ഒരു മത്സരം പോലും ജയിക്കാത്ത ടീമാണ് മുംബൈ സിറ്റി എഫ്.സി. കൊച്ചിയില്‍ ആക്രമണത്തിന് പ്രാധാന്യം നല്കുന്ന ഇലവനായിരിക്കും മുംബൈ ഇറക്കാന്‍ സാധ്യത. റഫായേല്‍ ബസ്തോസിന്റെ മുന്നേറ്റങ്ങള്‍ക്ക് തടയിടാന്‍ ബ്ലാസ്റ്റേഴ്സ് നന്നായി വിയര്‍ക്കുമെന്നത് തീര്‍ച്ചയാണ്. പ്രതിരോധത്തില്‍ മലയാളി താരം അനസ് എടത്തൊടിക ഇല്ലാത്തതും മഞ്ഞപ്പടയ്ക്ക് തിരിച്ചടിയാണ്. എന്നാല്‍ എ.ടി.കെയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് പ്രതിരോധം മികച്ചു നിന്നത് പ്രതീക്ഷ നല്‍കുന്നുണ്ട്.
മലയാളിതാരം സഹല്‍ അബ്ദുല്‍ സമദ്, ഹാലിചരണ്‍ നര്‍സാരിയും, ദുംഗല്‍ മധ്യനിരയിലെ ഈ യുവാക്കളിലാണ് കേരളത്തിന്റെ പ്രതീക്ഷ. സഹലിനും ഹാലിചരണിനും കൈമുതലായുള്ള ഫിറ്റ്നസാണ് പ്രധാന ആയുധം. മൈതാനത്ത് ഇവര്‍ പറന്നു കളിച്ചാല്‍ ഇന്ന് കേരളം മികച്ച വിജയം സ്വന്തമാക്കുമെന്ന് തീര്‍ച്ച. കഴിഞ്ഞ സീസണില്‍ മങ്ങിയ പ്രകടനം കാഴ്ച്ചവെച്ച വിനീത് ഉദ്ഘാടന മത്സരത്തില്‍ അവസാന നിമിഷം മൈതാനത്തിറങ്ങിയെങ്കിലും വലിയ മുന്നേറ്റങ്ങളൊന്നും സാധ്യമായിരുന്നില്ല.
വിദേശതാരം നിക്കോള കിര്ച്മാരെവിച്ച് അദ്ഭുതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന പ്രതിഭയാണ്. മധ്യനിരയില്‍ നിന്ന് പന്തുമായി ബോക്സിലേക്ക് ഇരച്ചു കയറാന്‍ നിക്കോളയ്ക്ക് സാധിക്കും. പ്രതിരോധത്തിലും മികച്ച സംഭാനകള്‍ നല്കാന് കഴിയുന്ന താരമാണ് അദ്ദേഹം. മതേയ് പൊപ്ലാട്നിക്കും സ്ലാവിസ സ്റ്റൊയനോവിച്ചും ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിലെ കരുത്തര്‍. വിംഗുകളിലൂടെ മുന്നേറ്റത്തിന് കളമൊരുങ്ങിയാല്‍ കേരളം ഇന്ന് ജയിച്ചുകയറും.