ഫുട്ബോള്‍ ഇതിഹാസം പെലെ വീണ്ടുംആശുപത്രിയില്

സാവോപോളോ: ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നട്ടെല്ല് സംബന്ധിയായ രോഗത്തെത്തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബെര്‍ട്ട് ഐന്സ്റ്റീന് ആശുപത്രിയുടെ തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അസഹ്യമായ പുറംവേദന അനുഭവപ്പെട്ടതോടെ 74കാരനായ പെലെ ആശുപത്രിയെ ആശ്രയിക്കുകയായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പ്രോസ്റ്റേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് രണ്ട് മാസം മുമ്പാണ് ഇതിഹാസ താരം ആശുപത്രി വിട്ടത്. എട്ടുമാസം മുമ്പ് മൂത്രാശയത്തിലെ അണുബാധ കാരണം പെലെ ചികിത്സ തേടിയിരുന്നു.
ബ്രസീലിനായി മൂന്നുവട്ടം ലോകകപ്പ് കിരീടം നേടിക്കൊടുത്ത താരമാണ് പെലെ. ബ്രസീല്‍ ദേശീയ ടീമിനായി 92 മത്സരത്തില്‍ നിന്നും 77 ഗോളുകള്‍ നേടിയ പെലെ ബ്രസീലിന്റെ ഏക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരനാണ്. പെലെയുടെ ആരോഗ്യത്തിനായി ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകര്‍ പ്രാര്‍ഥനയിലാണ്.