നെയ്മറിനെ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല; അഭ്യൂഹങ്ങളെ തള്ളി റയല്‍ മാഡ്രിഡ്
മാഡ്രിഡ്: പി.എസ്.ജിയുടെ മുന്‍നിര താരം നെയ്മറിനെ വാങ്ങാന്‍ ഉദ്ദേശമില്ലെന്ന് റയല്‍ മാഡ്രിഡ്. നെയ്മറിനെ വാങ്ങാന്‍ യാതൊരു ശ്രമവും ഇപ്പോള്‍ നടക്കുന്നില്ലെന്ന് ടീം മാനേജ്മെന്റ് വ്യക്തമാക്കി. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബായ യുവന്റസിലേക്ക് ചേക്കേറിയ ഒഴിവിലേക്ക് നെയ്മറിനെ പരിഗണിക്കുന്നതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇത്തരം അഭ്യൂഹങ്ങളില്‍ കഴമ്പില്ലെന്ന് റയല്‍ വ്യക്തമാക്കി.
നെയ്മറിനെ പരിഗണിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യം പി.എസ്.ജിയുമായി സംസാരിക്കും അതിന് ശേഷമായിരിക്കും കരാറുണ്ടാക്കുക. എന്നാല്‍ നിലവില്‍ അത്തരം ശ്രമങ്ങള്‍ നടത്തുന്നില്ല. നെയ്മര്‍ വിഷയം വിശദീകരിച്ച് റയല്‍ ഇറക്കിയ കുറിപ്പിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. നെയ്മറുമായി റയല്‍ കരാറിന് ശ്രമിക്കുകയാണെങ്കില്‍ ലോകത്തിലെ തന്നെ വലിയ തുകയ്ക്കായിരിക്കും കരാര്‍ ഒപ്പിടേണ്ടി വരിക. ആഴ്ചയില്‍ ഏഴരക്കോടിയിലധികം ഇന്ത്യന്‍ രൂപയാകും നെയ്മറിന് വേണ്ടി മാത്രം ക്ലബ് ചെലവഴിക്കേണ്ടി വരിക.
അതേസമയം റോണോയുടെ പകരക്കാരനെ കണ്ടെത്താന്‍ റയലിന് ഇതുവരെ കഴിഞ്ഞിട്ടില്ല. പെഗ്ബ, ഗ്രീസ്മാന് തുടങ്ങിയവരെ എത്തിക്കാന്‍ ശ്രമം നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. റോണാള്ഡൊയ്ക്ക് പിന്നാലെ ബ്രസീലിയന്‍ പ്രതിരോധനിരക്കാരന്‍ മാര്‍സലോയും റയല്‍ വിടുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. മാര്‍സലോയെ യുവന്റസിലെത്തിക്കാന് റോണോ ക്ലബിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതായിട്ടാണ് സൂചന.