സച്ചിന് കൊച്ചിയെ കൈവിട്ടു; ബ്ലാസ്റ്റേഴ്സ് ഓഹരികള്‍ വിറ്റു
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ ഓഹരികള്‍ സച്ചിന് ടെന്‍ഡുല്‍ക്കര്‍ വിറ്റു. കേരളാ ബ്ലാസ്റ്റേഴ്സുമായുള്ള ബന്ധം അവസാനിപ്പിക്കുകയാണെന്ന് സച്ചിന് വ്യക്തമാക്കിയതായി ഗോള്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. ഐഎസ്എല്‍ ആരംഭിച്ച 2014 മുതല്‍ സച്ചിന് ടീമില്‍ ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു.
ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മീഡിയാ ആന്‍ഡ് എന്റര്ടെയ്ന്മെന്റ് ഹൗസായ പ്രസാദ് ഗ്രൂപ്പിന്റെ കൈവശമാണ് നിലവില്‍ ബ്ലാസ്റ്റേഴ്സിന്റെ എണ്പതു ശതമാനം ഓഹരികളുള്ളത്. ബാക്കി 20 ശതമാനം സച്ചിന്റെ കൈവശമായിരുന്നു. ഇതാണ് വിറ്റത്. ഈ ഓഹരികള്‍ എം.എ യൂസഫലിയുടെ ലുലു ഗ്രൂപ്പ് വാങ്ങുമെന്ന് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
ഇക്കാര്യത്തില്‍ ലുലു ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 2014 ല്‍ ഹൈദരബാദ് ആസ്ഥാനമായുള്ള ബിസിനസ്സുകാരന് പ്രസാദ് പോട്ലൂരിയുമായി ചേര്‍ന്നാണ് സച്ചില്‍ കേരള ബ്ലാസ്റ്റേഴ്സ് രൂപീകരിച്ചത്. തുടക്കത്തില്‍ 40 ശതമാനം ഓഹരികള്‍ സച്ചിന്റെ കൈവശമുണ്ടായിരുന്നു.
ഇടയ്ക്ക് പോട്ലൂരി തന്റെ കൈവശമുണ്ടായിരുന്ന ഓഹരികള്‍ വിറ്റു. നിമ്മഗഡ്ഡ പ്രസാദ്, അല്ലു അര്ജുന്, നാഗാര്‍ജുന, ചിരഞ്ജീവി എന്നിവര്‍ ചേര്‍ന്നാണ് ഓഹരികള്‍ വാങ്ങിയത്. തന്റെ കൈവശമുണ്ടായിരുന്ന 20 ശതമാനം ഓഹരികള്‍ ഈ സമയത്ത് സച്ചിന് ഇവര്‍ക്ക് കൈമാറിയിരുന്നു.