ഫിഫയുടെ പ്രസിഡന്റ് സ്ഥാനം ബ്ലാറ്റർ രാജിവെച്ചു

ഫിഫയുടെ പ്രസിഡന്റ് സ്ഥാനം സെപ്പ് ബ്ലാറ്റർ രാജിവെച്ചു. ഏറെ വിവാദങ്ങൾക്കൊടുവിൽ തുടർച്ചയായ അഞ്ചാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച ബ്ലാറ്റർ ഒരാഴ്ച തികയുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.
 | 

ഫിഫയുടെ പ്രസിഡന്റ് സ്ഥാനം ബ്ലാറ്റർ രാജിവെച്ചു

സൂറിച്ച്: ഫിഫയുടെ പ്രസിഡന്റ് സ്ഥാനം സെപ്പ് ബ്ലാറ്റർ രാജിവെച്ചു. ഏറെ വിവാദങ്ങൾക്കൊടുവിൽ തുടർച്ചയായ അഞ്ചാം തവണയും പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ജയിച്ച ബ്ലാറ്റർ ഒരാഴ്ച തികയുന്നതിന് മുൻപാണ് അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്. ഫിഫയിൽ അഴിമതി നിറഞ്ഞിരിക്കുകയാണെന്നും സംഘടനയിൽ അഴിച്ചുപണി വേണമെന്നും ആവശ്യപ്പെട്ടാണ് തന്റെ രാജിയെന്ന് ബ്ലാറ്റർ പത്രസമ്മേളനത്തിൽ പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ടതു മുതൽ താൻ രാജിയെക്കുറിച്ച് ആലോചിച്ചിരുന്നതായും ബ്ലാറ്റർ പറഞ്ഞു.

ഫിഫ തനിക്ക് പ്രിയപ്പെട്ടതാണ്. എന്നാൽ എല്ലാവരുടേയും തൃപ്തിയില്ലാതെ പ്രസിഡന്റ് സ്ഥാനത്ത് തുടരാൻ താൻ ആഗ്രഹിക്കുന്നില്ല. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൻ നിർബന്ധിതനാവുകയായിരുന്നുവെന്നും ബ്ലാറ്റർ കൂട്ടിച്ചേർത്തു.

കോടികളുടെ അഴിമതി ആരോപണങ്ങൾക്കും ഫിഫ ഉദ്യോഗസ്ഥരുടെ അറസ്റ്റിനുമിടെയാണ് മെയ് 30ന് ഫിഫ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ജോർദാൻ രാജകുമാരൻ അലി ബിൻ ഹുസൈൻ ആയിരുന്നു സെപ്പ് ബ്ലാറ്ററുടെ എതിരാളി. തെരഞ്ഞെടുപ്പിലെ ആദ്യ റൗണ്ടിൽ ബ്ലാറ്റർക്ക് 133 വോട്ടും ഹുസൈന് 73 വോട്ടുമാണ് ലഭിച്ചത്. ഇതേതുടർന്ന് അലി ബിൻ ഹുസൈൻ തെരഞ്ഞെടുപ്പിൽ നിന്ന് പിൻമാറുകയായിരുന്നു.