ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ വെടിയേറ്റ് മരിച്ചു
ജോഹനാസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സെൻസോ മെയിവ വെടിയേറ്റ് മരിച്ചു. ദക്ഷിണാഫ്രിക്കൻ പോപ് ഗായിക കെല്ലി ഖുമാലോയുടെ വീട്ടിൽ അതിക്രമിച്ചു കയറിയവരുടെ വെടിയേറ്റാണ് മെയിവ കൊല്ലപ്പെട്ടത്. ജോഹന്നാസ്ബർഗിന് സമീപമുള്ള വോസ്ലൂറസിലെ വീട്ടിൽ വച്ച് ഞായറാഴ്ച രാത്രി എട്ട് മണിക്കായിരുന്നു സംഭവം. വെടിയേറ്റ മെയിവയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.
ഖുമാലോയുടെ വീട്ടിൽ മെയിവ ഉണ്ടെന്ന് അറിഞ്ഞുതന്നെയാണ് അക്രമികളെത്തിയതെന്നാണ് പോലീസ് നിഗമനം. മെയിവയുടെ മൊബൈൽ ഫോൺ അക്രമികൾ ആവശ്യപ്പെട്ടുവെന്നും അതു കൊടുക്കാൻ കൂട്ടാക്കാതിരുന്നപ്പോൾ വെടിവയ്ക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിന് ശേഷം മൂവരും ഓടി രക്ഷപ്പെട്ടെന്നും പോലീസ് പറഞ്ഞു. അക്രമികളെ അറസ്റ്റ് ചെയ്യാൻ സഹായിക്കുന്നവർക്ക് 14,000 ഡോളർ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചു.
ആഫ്രിക്കൻ കപ്പ് ഓഫ് നാഷൻസ് യോഗ്യതാ മത്സരത്തിന്റെ അവസാന നാല് മത്സരങ്ങൾ സെൻസോ കളിച്ചിരുന്നു. ഞായറാഴ്ച സെൻസോ തന്റെ ക്ലബ്ബിനൊപ്പം സൗത്ത് ആഫ്രിക്കൻ ലീഗ് കപ്പിന്റെ സെമി ഫൈനലിന് വേണ്ടി തയ്യാറെടുക്കുകയായിരുന്നു.