ഐഎസ്എല്ലിന്റെ ക്ലൈമാക്‌സിൽ സച്ചിനോ ഗാംഗുലിയോ

പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കന്നി കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്സും അത്ലറ്റിക്കോ ഡി കൊൽക്കത്തയും ഇന്ന് കളത്തിലിറങ്ങുമ്പോൾ ഏവരും ഉറ്റ് നോക്കുന്നത് സച്ചിനിലേക്കും ഗാംഗുലിയിലേക്കും കൂടിയാകും. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒരുമിച്ച് നയിച്ചവർ ഫുട്ബോളിൽ എതിർ ടീമുകൾ ആയപ്പോൾ സച്ചിന്റേയും ഗാംഗുലിയുടേയും ആരാധകർ രണ്ടു തട്ടിലായി.
 | 

ഐഎസ്എല്ലിന്റെ ക്ലൈമാക്‌സിൽ സച്ചിനോ ഗാംഗുലിയോ
മുംബൈ
: പ്രഥമ ഇന്ത്യൻ സൂപ്പർ ലീഗിന്റെ കന്നി കിരീടം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കൊൽക്കത്തയും ഇന്ന് കളത്തിലിറങ്ങുമ്പോൾ ഏവരും ഉറ്റ് നോക്കുന്നത് സച്ചിനിലേക്കും ഗാംഗുലിയിലേക്കും കൂടിയാകും. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഒരുമിച്ച് നയിച്ചവർ ഫുട്‌ബോളിൽ എതിർ ടീമുകൾ ആയപ്പോൾ സച്ചിന്റേയും ഗാംഗുലിയുടേയും ആരാധകർ രണ്ടു തട്ടിലായി.

ഐഎസ്എല്ലിൽ തങ്ങളുടെ ഇഷ്ട ടീമുകൾക്ക് എന്നതിനൊപ്പം താരങ്ങൾക്ക് കൂടിയാണ് ആരാധകർ ജയ് വിളിച്ചത്. ഗാംഗുലിയുടെ ടീമിനെ അപേക്ഷിച്ച് കേരളത്തിൽ നിന്നുള്ള ഭൂരിപക്ഷം ആരാധകും മാസ്റ്റർ ബ്ലാസ്റ്ററിനൊപ്പമാണ്. ലക്ഷണക്കണക്കിന് ആരാധകരുടെ പ്രാർത്ഥനയുടെ പിൻബലവുമായി ഫുട്‌ബോളിനെ നെഞ്ചേറ്റിയ നാടുകളിൽ നിന്ന് രണ്ട് ടീമുകൾ ഇന്ന് അങ്കം വെട്ടും.

സച്ചിന്റെ സ്വന്തം നാട്ടിലെ ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലേക്കാണ് എല്ലാ കണ്ണും കാതും. മുംബൈ മലയാളികളും തങ്ങളുടെ സ്വന്തം ടീമിനെ കാത്തിരിക്കുകയാണ്. ഐ.എസ്.എല്ലിലെ കലാശക്കൊട്ടിൽ ബ്ലാസ്റ്റേഴ്‌സിന് മുംബൈയുടെ ഗാലറിയിൽനിന്ന് മികച്ച പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരളത്തിന്റേയും കൊൽക്കത്തയുടെയും ആരാധകർക്ക് പുറമെ ഫുട്‌ബോൾ, ക്രിക്കറ്റ് ആരാധകരും സ്‌റ്റേഡിയത്തിലേക്ക് ഇരച്ച് കയറും.

സ്വന്തമായി ഒരു ഐ ലീഗ് ക്ലബ്ബ് പോലുമില്ലാത്ത കേരളം സച്ചിന്റെ ബ്ലാസ്റ്റേഴ്‌സിനെ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഐ.എസ്.എല്ലിൽ ഏറ്റവും ആരാധകരുള്ള ടീമായി ബ്ലാസ്റ്റേഴ്‌സ്. കളി മികവിനെക്കാളും കൊച്ചിയിലെ കാണികൾ നൽകിയ പിന്തുണ ടീമിനെ സെമിയിൽ എത്തിച്ചു. രണ്ടാം പാദത്തിൽ ചെന്നൈയുടെ ശക്തമായ വെല്ലുവിളി മറികടന്ന് ഏത് വെല്ലുവിളിയെയും നേരിടാമെന്ന് തെളിയിച്ച ടീം ഫൈനലിൽ മാറ്റുരയ്ക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ലീഗിന്റെ തുടക്കത്തിൽ കൊൽക്കത്തയും ചെന്നൈയുമായിരുന്നു കളം നിറഞ്ഞതെങ്കിൽ പതുക്കെ ഗോവയും കരുത്ത് കാട്ടി തുടങ്ങിയിരുന്നു. എന്നാൽ ആദ്യ മൽസരങ്ങളിൽ തിളങ്ങിയ നോർത്ത് ഈസ്റ്റ് പിന്നീട് പുറകോട്ടുപോയി. ആദ്യം തീരെ നിരാശപ്പെടുത്തിയെങ്കിലും ഡൽഹി ഡൈനാമോസ്, പുനെ സിറ്റി എഫ് സി, മുംബൈ എഫ് സി എന്നീ ടീമുകൾ തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും വൈകിപ്പോയിരുന്നു. ചെന്നൈയിനും ഗോവയും ഗോളടിച്ചാണ് മുന്നേറിയതെങ്കിലും ഗോൾ തടുത്തായിരുന്നു ബ്ലാസ്റ്റേഴ്‌സ് മുന്നോട്ടുപോയത്.

സെമിയിൽ ചെന്നൈയിൻ എഫ്‌സിയെ പരാജയപ്പെടുത്തി ബ്ലാസ്റ്റേഴ്‌സ് ഫൈനലിൽ പ്രവേശിച്ചപ്പോൾ പെനാൽട്ടിയിലേക്ക് നീണ്ട സെമിയിൽ എഫ്‌സി ഗോവയെ തോൽപ്പിച്ചാണ് കൊൽക്കത്തയുടെ ഫൈനൽ പ്രവേശനം. ഹോം ഗ്രൗണ്ടിൽ പരിശീലനം പൂർത്തിയാക്കിയാണ് ബ്ലാസ്‌റ്റേഴ്‌സ് ഫൈനൽ മത്സരത്തിനായി മുംബൈയിലെത്തിയത്. പരിക്കേറ്റ ഗോളി സന്ദിപ് നന്ദിയും, ചുവപ്പ് കാർഡ് ലഭിച്ച മക് അലിസ്റ്ററും, ഗുർവിന്ദർ സിംഗും ഇല്ലാതെയാകും നാളെ ടീം ഫൈനലിൽ ഇറങ്ങുക. പ്രതിരോധം കാത്ത സെഡ്രിക്ക് ഹെങ്ബർട്ടും പരിക്കിൽ നിന്ന് മോചിതനായിട്ടില്ല. ഇയാൻ ഹ്യൂമിലും, കഴിഞ്ഞ മത്സരത്തിലെ താരമായ സ്റ്റീഫൻ പിയേഴ്‌സണിലും തന്നെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രതീക്ഷകൾ.