അരങ്ങേറ്റ മത്സരത്തില്‍ റോണോയ്ക്ക് റെഡ് കാര്‍ഡ്; 10 പേരുമായി പൊരുതി നേടി യുവന്റസ്
മഡ്രിഡ്: യുവന്റസ് ജഴ്സിയില്‍ ആദ്യമായി യുവേഫ ചാംപ്യന്‍സ് ലീഗില്‍ പന്ത് തട്ടാനിറങ്ങിയ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് റെഡ് കാര്‍ഡ്. വലന്സിയയ്ക്കെതിരെയ ഗ്രൂപ്പ് ജി മല്‍സരത്തിന്റെ 29-ാം മിനിറ്റിലാണ് റോണോയെ കണ്ണീരണിയിച്ച റഫറിയുടെ തീരുമാനമെത്തിയത്. മഞ്ഞക്കാര്‍ഡ് പോലും നല്‍കേണ്ടതില്ലാത്ത ഫൗളിന് ചുവപ്പ് കാര്‍ഡ് നല്കിയ റഫറിയുടെ തീരുമാത്തിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. ജര്‍മന്‍ റഫറി ഫെലിക്സ് ബ്രിച്ചാണ് മത്സരം നിയന്ത്രിച്ചിരുന്നത്.
രക്ഷകനായ റോണോ പുറത്തു പോയെങ്കിലും സ്പാനിഷ് ക്ലബ്ബിനെ എതിരില്ലാത്ത രണ്ട് ഗോളിന് തകര്‍ത്ത് യുവന്റ്സ് അരങ്ങേറ്റ മത്സരം ഗംഭീരമാക്കി. റോണോയില്ലാതെ 10 പേരുമായി പന്ത് തട്ടിയ യുവന്റ്സ് നേടിയ വിജയം ടീമിന് ആത്മവിശ്വാസം പകരുന്നതാണ്. 60 മിനിറ്റോളം 10 പേരുമായി കളിച്ച യുവന്റ്സ് പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ മികച്ചു നിന്നു. ബോസ്നിയന്‍ താരം മിരാലം ജാനിക് നേടിയ ഇരട്ട ഗോളുകളാണ് യുവന്റസിന് മികച്ച വിജയം സമ്മാനിച്ചത്.
ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഏറ്റവുമധികം ഗോളുകള്‍ (121) പേരിലുള്ള സിആര്‍7 യുവന്റസ് നിരയിലെ ഐക്കണ്‍ താരമാണ്. യുവന്റസിന്റെ മുന്നേറ്റങ്ങള്‍ പൂര്‍ണമായും റോണോയെ അടിസ്ഥാനമാക്കി ആസൂത്രണം ചെയ്തവയുമാണ്. ചാമ്പ്യന്‍സ് ലീഗിലെ ഇത്രയധികം റെക്കോര്ഡുകള്ക്കുടമയെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ നഷ്ടമായത് ടീം മാനേജ്മെന്റിനെ ചൊടിപ്പിച്ചതായിട്ടാണ് സൂചന. റഫറിക്കെതിരെ അധികൃതര്‍ക്ക് പരാതി നല്‍കാനും സാധ്യതയുണ്ട്.