ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ സിനദിന്‍ സിദാനും യുവന്റസിലേക്ക്
ടൂറിന്‍: ക്രിസ്റ്റ്യാനോ റൊണാള്ഡോക്ക് പിന്നാലെ ഫ്രഞ്ച് ഫുട്ബോള് ഇതിഹാസം സിനദിന് സിദാനും യുവന്റസിലേക്കെന്ന് റിപ്പോര്ട്ട്. സിദാനെ പരിശീലകനായി ക്ലബിലെത്തിക്കാനുള്ള ശ്രമങ്ങള് അവസാനഘട്ടത്തിലാാണെന്നാണ് സൂചന. ഇക്കാര്യം ക്ലബ്ബ് ഉടമകളായ ആഗ്നെല്ലി കുടുംബം സ്ഥിരീകരിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.
സിദാനുമായി കരാറുണ്ടാക്കിയാല്‍ ഒക്ടോബറില്‍ അദ്ദേഹം ക്ലബിലെത്തും. റെക്കോര്‍ഡ് തുകയ്ക്ക് റോണോയെ സ്വന്തമാക്കിയ ശേഷം ടീമിനെ അടിമുടി മാറ്റാനുള്ള തയ്യാറെടുപ്പിലാണ് യുവന്റസ് ഉടമകള്‍. ഇതിനായി നിലവിലെ കോച്ചിനെ മാറ്റുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2001ല്‍ റയല്‍ മാഡ്രിഡിലേക്ക് സിദാന്‍ ചേക്കേറുന്നതിന് മുന്‍പ് അദ്ദേഹം കളിച്ചിരുന്ന ക്ലബായിരുന്നു യുവന്റസ്. അന്ന് ക്ലബ് ഫുട്‌ബോളിലെ തന്നെ ഏറ്റവും വലിയ തുകയ്ക്കാണ് സിദാനെ റയലിന് കൈമാറിയത്.
ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് സ്വന്തമാക്കിയ ശേഷമാണ് റയലിന്റെ പരിശീലക സ്ഥാനം സിദാന്‍ രാജിവെക്കുന്നത്. ക്ലബ് പരിശീലകന്റെ വേഷത്തില്‍ വീണ്ടുമെത്തുമോയെന്ന് സിദാന്‍ അന്ന് വ്യക്തമാക്കിയിരുന്നില്ല. പഴയ തട്ടകത്തിലേക്ക് സിദാന്‍ എത്തുമോയെന്നാണ് യുവന്റസ് ആരാധകര്‍ ഉറ്റുനോക്കുന്നത്.