ബെൽജിയത്തെ കീഴടക്കി ഫ്രാൻസ്; നേഷൻസ് ലീഗ് ഫൈനലിൽ സ്പെയിനുമായി ഏറ്റുമുട്ടും.

ബെൽജിയത്തെ രണ്ടിനെതിരെ മൂന്ന് ഗോളിന് കീഴടക്കി ലോകചാമ്പ്യൻമാരായ ഫ്രാൻസ് യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്‍റെ ഫൈനലിൽ കടന്നു. രണ്ട് ഗോളിന് പിന്നിട്ടുനിന്ന ശേഷം രണ്ടാം പകുതിയിൽ മൂന്ന് ഗോൾ നേടിയാണ് ഫ്രാൻസ് വിജയിച്ചത്. ഞായറാഴ്ച്ച നടക്കുന്ന ഫൈനലിൽ ഫ്രാൻസ് സ്പെയിനിനെ നേരിടും. ഇറ്റലിയെ കീഴടക്കിയാണ് സ്‌പെയിൻ ഫൈനലിൽ എത്തിയത്
മുപ്പത്തിയേഴാം മിനിറ്റിൽ യാനിക് കരാസ്‌ക്കോയുടെ ഗോളിൽ ബെൽജിയം മുന്നിലെത്തി. മൂന്ന് മിനിറ്റുകൾക്കിപ്പുറം റൊമേലു ലുക്കാക്കു ബെൽജിയത്തിനായി രണ്ടാം ഗോൾ നേടി. എന്നാല്‍ രണ്ടാം പകുതിയില്‍ ഫ്രാന്‍സ് കുറേക്കൂടി ആക്രമിച്ചു കളിച്ചു. ആദ്യ പകുതിയിലെ മികവ് രണ്ടാം പകുതിയില്‍ പുലർത്താന്‍ ബെല്‍ജിയത്തിന് കഴിഞ്ഞതുമില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ രണ്ട് ഗോൾ തിരിച്ചടിച്ച് ഫ്രാൻസ് കളിയിലേക്ക് തിരിച്ചു വന്നു. 62ആം മിനിറ്റില്‍ കരീം ബെൻസമ ഗോൾ നേടി. രണ്ടാം ഗോൾ പെനാൽട്ടിയിൽ നിന്നായിരുന്നു. അന്‍റോണ്‍ ഗ്രീസ്മാനെ വീഴ്ത്തിയതിന് ലഭിച്ച കിക്ക് എംബാപ്പെ ലക്ഷ്യത്തിലെത്തിച്ചു. ഒടുവിൽ 90-ാം മിനിറ്റിലാണ് തിയോ ഹെർണാണ്ടസിലൂടെ ഫ്രാൻസ് ജയമുറപ്പിച്ച ഗോള്‍ വീണത്.