ഐസിയുവില്‍ നിന്നും ഗ്രൗണ്ടിലേക്ക്; മുഹമ്മദ് റിസ്വാന്റെ ധീരതയെ വാഴ്ത്തി ക്രിക്കറ്റ് ലോകം

 | 
Rizwan

പാകിസ്ഥാന്‍ ഓപ്പണര്‍ മുഹമ്മദ് റിസ്വാന്‍ ഇന്നലെ ഓസ്‌ട്രേലിയക്കെതിരെ കളിക്കാനായി എത്തിയത് ഐസിയുവില്‍ നിന്നാണെന്ന് റിപ്പോര്‍ട്ട്. ചെസ്റ്റ് ഇന്‍ഫെക്ഷനെ തുടര്‍ന്ന് രണ്ടു ദിവസത്തോളം ഐസിയുവില്‍ കിടന്ന റിസ്വാന്‍ കളിക്കളത്തിലെത്തി പാക് ടീമിന്റെ ടോപ് സ്‌കോററുമായി. പാക് ക്രിക്കറ്റ് ബോര്‍ഡ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ സ്ഥിരീകരിച്ചിട്ടുമുണ്ട്. ചെറിയ പനിയും വലിയ ചെസ്റ്റ് ഇന്‍ഫെക്ഷനുമായിരുന്നു അദേഹത്തിന്. 

റിസ്വാന്‍ ഒരു പോരാളിയാണെന്ന് പാകിസ്ഥാന്‍ ബാറ്റിംഗ് കണ്‍സള്‍ട്ടന്റും മുന്‍ ഓസീസ് താരവുമായ മാത്യു ഹെയ്ഡന്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് രാത്രിയും ഐസിയുവില്‍ കിടന്നതിന് ശേഷമാണ് റിസ്വാന്‍  ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിലെ സെമി ഫൈനലില്‍ കളിക്കാനെത്തിയത്. നാല് സിക്‌സറുകള്‍ പറത്തി 67 റണ്‍സെടുത്ത് അദേഹം ടോപ് സ്‌കോററുമായി. കഴിഞ്ഞ ദിവസങ്ങളിലെ പരിശീലനത്തിലും അദേഹത്തിന് പങ്കെടുക്കാന്‍ പറ്റിയിരുന്നില്ല. ചെവ്വാഴ്ച്ചയാണ് പനിയെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയിലായത്.


പാകിസ്ഥാന്‍ ടീം ഡോക്ടര്‍ നജീബുള്ള സൂംറോയും ഇക്കാര്യം സ്ഥിരീകരിച്ചു. രണ്ട് ദിവസം ഐസിയുവില്‍ കിടന്നെങ്കിലും പെട്ടന്ന് തന്നെ അദേഹം ഫിറ്റ്‌നസ് വീണ്ടെടുത്തെന്ന് ഡോക്ടര്‍ പറഞ്ഞു. നിശ്ചയദാര്‍ഢ്യത്തിന്റേയും രാജ്യത്തിന് വേണ്ടി കളിക്കാനുള്ള ആവേശത്തിന്റേയും ഉത്തമ ഉദാഹരണമാണ് ഇതെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. റിസ്വാന്റെ ആരോഗ്യത്തില്‍ തനിക്ക് ആശങ്കയുണ്ടായിരുന്നെന്നും എന്നാല്‍ കളിക്കളത്തിലെ പ്രകടനം ഞെട്ടിച്ചുവെന്നും പാക് നായകന്‍ ബാബര്‍ അസം പറഞ്ഞു.