ഗ്ലെൻ മാക്‌സ്‌വെൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

14 വർഷത്തെ രാജ്യാന്തര കരിയറിന് വിരാമം
 | 
Glen maxwell

തോൽവിയുറപ്പിച്ച കളികളിൽനിന്ന് 'മൈറ്റി ഓസിസിനെ' പലവട്ടം വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയിട്ടുണ്ട് ഗ്ലെൻ മാക്‌സ്‌വെൽ. അതിൽ ക്രിക്കറ്റ് ലോകം ഒരിക്കലും മറക്കാത്തൊരു ഇന്നിങ്സുണ്ട്. 2023 ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെ ഏഴ് വിക്കറ്റ് നഷ്ടപ്പെട്ട് ആസ്ട്രേലിയ തകർന്നുനിൽക്കുമ്പോൾ, പരിക്കിന്റെ വേദന കടിച്ചമർത്തി ഒറ്റക്കാലിൽനിന്ന് പൊരുതിയ ആ ഇരട്ട സെഞ്ച്വറി. ഓരോ സിക്സറിലും ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ച ആ മനുഷ്യൻ ഇനി ആസ്ട്രേലിയൻ മഞ്ഞക്കുപ്പായത്തിൽ കളിക്കാനില്ല. ആരാധകരുടെ പ്രിയപ്പെട്ട 'മാക്‌സി', വെടിക്കെട്ടുകളുടെ 'ബിഗ് ഷോ' ഗ്ലെൻ മാക്‌സ്‌വെൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.

ബാറ്റുമായി ക്രീസിലെത്തിയാൽ എപ്പോൾ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാനാകാത്ത ബാറ്ററായിരുന്നു മാക്‌സ്‌വെൽ. അസാധ്യമായ ഷോട്ടുകളും കണ്ണഞ്ചിപ്പിക്കുന്ന സിക്സറുകളും അവിശ്വസനീയ ക്യാച്ചുകളും കൊണ്ട് കളിക്കളത്തെ ആഘോഷമാക്കിയ താരം 14 വർഷത്തെ രാജ്യാന്തര കരിയറിനാണ് വിരാമമിട്ടത്. സ്വന്തം തട്ടകമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ആസ്ട്രേലിയൻ കുപ്പായത്തിൽ അവസാനമായി ഒരിക്കൽക്കൂടി ഇറങ്ങണമെന്ന ആഗ്രഹം ബാക്കിയാക്കിയാണ് 38കാരന്റെ പടിയിറക്കം.