ചരിത്രമെഴുതാൻ ഹാമിൽട്ടൻ കാത്തിരിക്കണം; ഫോർമുല വൺ കിരീടം വേർസ്റ്റപ്പൻ നേടി

 | 
F1
 

അബുദാബിയിലെ യാസ് മറീന സർക്യൂട്ടിൽ മാക്സ് വേർസ്റ്റപ്പൻ ചരിത്രം പിറക്കുന്നത് തടഞ്ഞു. അതും അവസാന ലാപ്പിലെ ഉജ്ജ്വല പ്രകടനത്തോടെ. അതുവരെ ലീഡിൽ നിന്ന മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൽട്ടനെ പിന്തള്ളി തന്റെ കന്നിക്കിരീടം റെഡ്ബുൾ ഹോണ്ടയുടെ ഡച് താരം സ്വന്തമാക്കി. 
 ഇതോടെ  ഇതിഹാസതാരം മൈക്കൽ ഷൂമാക്കറിന്റെ നേട്ടം മറികടന്ന് എട്ടാം ഫോർമുല വൺ കിരീടം എന്ന ലക്ഷ്യത്തിനായി  ലൂയിസ് ഹാമിൽട്ടന് ഇനിയും കാത്തിരിക്കണം.  

അബുദാബി ഗ്രാൻഡ്പ്രീക്ക് മുന്നേ ഇരുവർക്കും 369.5 പോയിന്റ് ആയിരുന്നു. വേർസ്റ്റപ്പന് ആയിരുന്നു പോൾ പൊസിഷൻ. എന്നാലും അവസാന ലാപ്പ് വരെ ഹാമിൽട്ടൻ മുന്നിലും വേർസ്റ്റപ്പൻ രണ്ടാം സ്ഥാനത്തും ആയിരുന്നു. 2.256 സെക്കന്റ് വ്യത്യാസത്തിൽ ആണ് അവസാന ലാപ്പിൽ ഹാമിൽട്ടനെ മറികടന്ന് വേർസ്റ്റപ്പൻ ചേക്കേഡ് ഫ്ലാഗ് കീഴടക്കിയത്. വേർസ്റ്റപ്പൻ 394.5 പോയിന്റ് നേടിയപ്പോൾ ഹാമിൽട്ടൻ 387.5 പോയിന്റ് നേടി. 10 ഗ്രാൻഡ് പ്രീയാണ് വേർസ്റ്റപ്പൻ നേടിയത്. ഹാമിൽട്ടൻ എട്ടും. 

കിരീടം ഹാമിൽട്ടൻ കൈവിട്ടു എങ്കിലും കാർ നിർമാതാക്കളുടെ വിഭാഗത്തിൽ മെഴ്‌സിഡസ് കിരീടം നേടി. 613.5 പോയിന്റ് അവർക്ക് കിട്ടിയപ്പോൾ റെഡ്ബുൾ 584.5 പോയിന്റ് നേടി രണ്ടാം സ്ഥാനം നേടി.