ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

 | 
Harbhajan Singh

ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിംഗ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുകയാണ് താരം. 41 കാരനായ ഹര്‍ഭജന്‍ പ്രൊഫഷണല്‍ ക്രിക്കറ്റില്‍ 23 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷമാണ് വിരമിക്കുന്നത്. 2016ലാണ് ഹര്‍ഭജന്‍ ഇന്ത്യക്കു വേണ്ടി അവസാനം ബോളെറിഞ്ഞത്. പിന്നീട് ഐപിഎല്‍ മത്സരങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. 

പഞ്ചാബിലെ ജലന്ധര്‍ സ്വദേശിയായ ഹര്‍ഭജന്‍ 1998ല്‍ ഷാര്‍ജയില്‍ നടന്ന ഇന്ത്യ-ന്യൂസിലന്‍ഡ് ഏകദിനത്തിലാണ് ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയത്. 2016ല്‍ യുഎഇക്കെതിരെ ധാക്കയില്‍ നടന്ന ട്വന്റി-20ല്‍ അവസാനമായി കളിച്ചു. 103 ടെസ്റ്റുകളില്‍ നിന്നായി 417 വിക്കറ്റുകള്‍ ഭാജി സ്വന്തമാക്കിയിട്ടുണ്ട്. 9 ഫിഫ്റ്റിയും 2 സെഞ്ചുറിയും അടക്കം 2224 റണ്‍സും ടെസ്റ്റില്‍ നേടി. 236 ഏകദിനങ്ങളില്‍ നിന്ന് 269 വിക്കറ്റുകളും 28 ട്വന്റി-20കളില്‍ നിന്ന് 25 വിക്കറ്റും നേടി. 

മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളിലാണ് ഐപിലില്‍ ഭാജി കളിച്ചത്. 163 മാച്ചുകളില്‍ നിന്ന് 150 വിക്കറ്റുകളാണ് ഐപിഎലിലെ സമ്പാദ്യം. 2001 മാര്‍ച്ചില്‍ ഓസ്‌ട്രേലിയക്കെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ഏറ്റവും മികച്ച പ്രകടനം. മൂന്നു മാച്ചുകളില്‍ നിന്നാണ് ഇത്രയും വിക്കറ്റുകള്‍ ഹര്‍ഭജന്‍ സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഇന്ത്യന്‍ താരം നേടുന്ന ആദ്യ ഹാട്രിക് എന്ന നേട്ടവും ഈ പരമ്പരയില്‍ ഹര്‍ഭജന്‍ കുറിച്ചു.