ബംഗ്ലാദേശ് ക്രിക്കറ്റിന് ചരിത്രദിനം; ന്യൂസിലൻഡിനെ ടെസ്റ്റിൽ പരാജയപ്പെടുത്തി

 | 
Bangladesh

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ജേതാക്കളായ ന്യൂസിലൻഡിനെ അവരുടെ മണ്ണിൽ തകർത്ത് ബംഗ്ലാദേശ് ടെസ്റ്റ് ക്രിക്കറ്റിൽ പുതു ചരിത്രം എഴുതി. കീവിസിനെതിരെ അവരുടെ ആദ്യ ടെസ്റ്റ് വിജയം കൂടിയാണ് ഇത്. ബേ ഓവറിൽ നടന്ന ആദ്യ ടെസ്റ്റിൽ 40 റൺസ് ആയിരുന്നു ന്യൂസിലൻഡ് ഉയർത്തിയ വിജയ ലക്ഷ്യം. 2 വിക്കറ്റ് നഷ്ടത്തിൽ അത് മറികടക്കാൻ ബംഗ്ലാദേശിന് വേണ്ടി വന്നത്  17 ഓവറുകൾക്ക് മാത്രം. നേരത്തെ ന്യൂസിലൻഡിന്റെ രണ്ടാം ഇന്നിംഗ്‌സ് 169ന് അവസാനിച്ചിരുന്നു. 46 റൺസ് വഴങ്ങി 6 വിക്കറ്റ് വീഴ്ത്തി ഇബാദത്ത് ഹൊസയിൻ ആണ് കിവികളെ തകർത്തത്. 

സ്കോർ: ന്യൂസിലൻഡ്- 328 & 169, ബംഗ്ലാദേശ് 458 & 42/2.

അവസാന ദിവസം 147ന് 5 എന്ന നിലയിൽ ബാറ്റിംഗ് തുടങ്ങിയ ആതിഥേയർക്ക് റോസ് ടെയ്ലറിൽ ആയിരുന്നു പ്രതീക്ഷ. എന്നാൽ സ്കോർ 154ൽ നിൽക്കെ ടെയ്‌ലറെ ഇബാദത്ത് പുറത്താക്കി. പിന്നീട് വന്ന 5 ബാറ്റർമാർ പൂജ്യത്തിന് പുറത്തായി. 69 റൺസ് എടുത്ത ഓപ്പണർ വിൽ യങ് ആണ് ടോപ്പ് സ്‌കോറർ. ടസ്കിൻ അഹമ്മദ് 3 വിക്കറ്റ് വീഴ്ത്തി.

40 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് ഷദ്മാൻ ഇസ്‌ലാം, ഷാന്റോ എന്നിവരെ നഷ്ടമായി എങ്കിലും മോമിനുൾ, മുഷ്ഫികർ എന്നിവർ ചേർന്ന് വിജയത്തിൽ എത്തിച്ചു. 

ന്യൂസിലൻഡിന് വേണ്ടി കോൺവേ ആദ്യ ഇന്നിഗ്‌സിൽ സെഞ്ച്വറി നേടിയിരുന്നു. ബംഗ്ലാദേശ് ഇന്നിഗ്‌സിൽ സെഞ്ച്വറി പിറന്നില്ല എങ്കിലും 4 അർധ സെഞ്ച്വറി ഉണ്ടായിരുന്നു.