ഹാരി കെയ്ൻ എന്ന പ്രതീക്ഷ മങ്ങി, സിറ്റിയിലേക്ക് റോണാൾഡോ വരുമോ?
ഇംഗ്ലണ്ട് നായകൻ ഹാരി കെയ്നിന് പിന്നാലെ ആയിരുന്നു ഇപിഎൽ ജേതാക്കളായ മാഞ്ചസ്റ്റർ സിറ്റി. എന്നാൽ 120 മില്യൻ പൗണ്ട് എന്ന മോഹവില മുന്നോട്ട് വച്ചിട്ടും ടോട്ടനം ഹോട്ട്സ്പർസ് കെയ്നിനെ വിട്ടുനൽകിയില്ല. സിറ്റിയിൽ പോകാൻ അതിയായി ആഗ്രഹിച്ച കെയ്ൻ ആകട്ടെ അവസാനം ഈ സീസൺ ടോട്ടനം ഹോട്ട്സപർസിൽ തന്നെ നിലയുറപ്പിക്കും എന്ന് ട്വീറ്റും ചെയ്തു. സിറ്റിയുടെ എക്കാലത്തേയും ഉയർന്ന ഗോളടിക്കാരനായ അഗ്വൂറോയുടെ വിടവ് നികത്താൻ മുന്നേറ്റ നിരയിലേക്ക് ഇനി ആരുവരും എന്ന ചർച്ചകൾ നടക്കുമ്പോഴാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് ഉയർന്നു കേൾക്കുന്നത്.
ഓഗസ്റ്റ് മുപ്പത്തിയൊന്നാം തിയ്യതി സമ്മർ ട്രാൻസഫർ വിന്റോ അടച്ചു പൂട്ടും. ഹാരി കെയ്നിനെ കിട്ടില്ലെന്ന് ഉറപ്പായത് സിറ്റിക്ക് നിരാശ സമ്മാനിച്ചിട്ടുണ്ട്. ജാക്ക് ഗ്രേലിഷ് മാത്രമാണ് ഈ സീസണിൽ സിറ്റിയിലേക്ക് എത്തിയ വലിയ താരം. ഇംഗ്ലീഷ് റെക്കോർഡ് തുകക്കാണ് ഗ്രേലിഷിനെ ടീമിലെത്തിച്ചത്. എന്നാലും മുന്നേറ്റ നിരയിലെ അഗ്യൂറോയുടെ സ്പേസ് ഒഴിഞ്ഞ് കിടക്കുകയാണ്. അപ്പോഴാണ് ഫുട്ബോൾ പണ്ഡിതൻമാർ റൊണാൾഡോയെ പറ്റി സംസാരിക്കുന്നത്. ഈ വാർത്തയാകട്ടെ ആരും തള്ളിക്കളയുന്നുമില്ല. കഴിഞ്ഞ ദിവസം ടോട്ടനം വിടില്ലെന്ന് ഹാരി കെയ്ന്‍ ട്വീറ്റ് ചെയ്തിരുന്നു.
It was incredible to see the reception from the Spurs fans on Sunday and to read some of the messages of support I've had in the last few weeks. 👏⚽
— Harry Kane (@HKane) August 25, 2021
I will be staying at Tottenham this summer and will be 100% focused on helping the team achieve success. #COYS pic.twitter.com/uTN78tHlk1
റൊണാൾഡോയുടെ ഏജന്റ് ഹോർഹേ മെന്റസ് സിറ്റി താരവും പോർച്ചുഗീസ് ദേശീയ ടീമംഗവുമായ ബെർണാണ്ടോ സിൽവക്ക് വേണ്ടി ഒരു ടീം അന്വേഷിക്കുന്നുണ്ട്. അങ്ങിനെയാണെങ്കിൽ രണ്ടു താരങ്ങളേയും ചേർത്ത് ഒരു ഡീലിന് ശ്രമിക്കാനുള്ള സാധ്യതകളും കാണുന്നു. റൊണാൾഡോയോട് അടുത്ത വൃത്തങ്ങൾ സിറ്റി വാർത്ത തള്ളിക്കളയുന്നുമില്ല. പക്ഷെ അദേഹം യുവെ വിട്ടുപോകില്ലെന്ന് ക്ലബ് പ്രസിഡന്റ് പ്രതീക്ഷ പ്രകടിപ്പിച്ചു.