​​ഗോൾ മഴയോടെ യുണൈറ്റഡ് തുടങ്ങി; ബ്രൂണോ ഫെർണാണ്ടസിന് ഹാട്രിക്ക്

 | 
Manchester united

സീസണിലെ ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വമ്പൻ വിജയം. ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്കാണ് അവർ ലീഡ്സ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയത്. പോർച്ചു​ഗീസ് താരം ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് നേടിയ മത്സരത്തിൽ നാല് അസിസ്റ്റുകളോടെ പോൾ പോ​ഗ്ബയും തിളങ്ങി. മാസൺ ​ഗ്രീൻവുഡ്, ഫ്രെഡ് എന്നിവരാണ് മറ്റ് ​ഗോളുകൾ നേടിയത്. ലീഡ്സിന്റെ ആശ്വാസ ​ഗോൾ ലൂക്ക് അയ്ലിങ്ങിന്റെ വകയായിരുന്നു.

ആദ്യപകുതിയിൽ പന്ത് കൈവശം വച്ചുകളിച്ചത് ലീഡ്സാണെങ്കിലും യുണൈറ്റഡ് ​ഗോളവസരങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചു. മുപ്പതാം മിനിറ്റിൽ പോ​ഗ്ബയുടെ അളന്നു മുറിച്ച പാസിൽ നിന്നും പ്രതിരോധനിരയെ കബളിപ്പിച്ച് ബ്രൂണോ ഫെർണാണ്ടസ് ​ഗോൾനേടി. രണ്ടാം പകുതിയിലാണ് പിന്നീട് അഞ്ച് ​ഗോളുകൾ പിറന്നത്. നാൽപ്പത്തിയൊമ്പതാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് വെളിയിൽ നിന്നും അയ്ലിങ്ങ് തൊടുത്ത വെടിയുണ്ട കണക്കെയുള്ള ഷോട്ട് തടുക്കാൻ ഡേവിഡ് ഡിഹ്യക്ക് കഴിഞ്ഞില്ല.

​ഗോൾ വീണതോടെ മാഞ്ചസ്റ്റർ ആക്രമണത്തിന്റെ മൂർച്ച കൂട്ടി. അമ്പത്തിരണ്ടാം മിനിറ്റിൽ മാസൺ ​ഗ്രീൻവുഡും പോ​ഗ്ബയുടെ പാസിൽ നിന്നും ​ഗോൾ കണ്ടെത്തി. സ്വന്തം ഹാഫിൽ നിന്നും നൽകിയ പാസ് ഇടതുവിങ്ങിലൂടെ സ്വീകരിച്ച ​ഗ്രീൻവുഡ് അത് ​ഗോളാക്കി മാറ്റി. തൊട്ടുപിന്നാലെ അടുത്ത ​ഗോൾ വന്നു. അതും അമ്പത്തിനാലാം മിനിറ്റിൽ പോ​ഗ്ബയുടെ പാസിൽ നിന്നും. ​ഗോൾലൈൻ കടന്ന പന്ത് ലീഡ്സ് ഡിഫെന്റർ തട്ടിയകറ്റിയെങ്കിലും ​ഗോൾ ലൈൻ ടെക്നോളജി ഉപയോ​ഗിച്ച് റഫറി ​ഗോൾ വിധിച്ചു.  അറുപതാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസ് ഹാട്രിക്ക് തികച്ചു. ഇത്തവണ അസിസ്റ്റ് ലിന്റലോഫ് വക. അറുപത്തിയെട്ടാം മിനിറ്റിൽ വീണ്ടും പോ​ഗ്ബ ​ ​ഗോളിലേക്കുള്ള വഴി തുറന്നു. ഇത്തവണ ​ഗോളടിക്കാനുള്ള അവസരം ബ്രസീലിയൻ താരം ഫ്രെഡിന്. 

മത്സരത്തിന്റെ എഴുപത്തിനാലാം മിനിറ്റിൽ ഡാനിയേൽ ജെയിംസിനെ പിൻവലിച്ച് കോച്ച് സോൾഷ്യർ ജാഡൻ സാഞ്ചോയെ ഇറക്കി. മത്സരത്തിന് മുൻപ് ഓൾഡ് ട്രഫോർഡിൽ വച്ച് റാഫേൽ വരാനയേയും ക്ലബ് കാണികൾക്ക് മുന്നിൽ പരിചയപ്പെടുത്തി . പത്തൊമ്പതാം നമ്പർ ജഴ്സിയിലാണ് വരാനെ കളിക്കുക.