ഞാൻ തകർന്നുപോയിരുന്നു; മാനസിക പിന്തുണ നൽകിയത് സച്ചിൻ: സഞ്ജു
ട്വന്റി20 ലോകകപ്പ് ടൂർണമെന്റിലെ താരമായതിനു പിന്നാലെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർക്ക് നന്ദി പറഞ്ഞ് ഇന്ത്യൻ ക്രിക്കറ്റ് ടീം താരം സഞ്ജു സാംസൺ. ഇന്ത്യൻ ടീമിലെ പല മുൻ മുതിർന്ന താരങ്ങളുടെയും മാർഗനിർദേശങ്ങളാണ് തനിക്ക് സഹായകമായതെന്നും സച്ചിൻ തെൻഡുൽക്കർക്കറെ നിരന്തരം ബന്ധപ്പെടുകയും ഉപദേശങ്ങൾ സ്വീകരിക്കുകയും ചെയ്തിരുന്നതായും സഞ്ജു പറഞ്ഞു.
‘‘ഇന്ത്യൻ ടീമിലെ മുൻ മുതിർന്ന താരങ്ങളുടെ മാർഗനിർദേശങ്ങളും നിർദേശങ്ങളും എനിക്ക് വലിയ സഹായമായിരുന്നു. ഒരു കാര്യം ഇവിടെ തുറന്നുപറയാമെന്ന് ഞാൻ കരുതുന്നു: കഴിഞ്ഞ കുറച്ച് മാസങ്ങളായി, സച്ചിൻ സാറുമായി ഞാൻ നിരന്തരം ബന്ധപ്പെട്ടിരുന്നു. ഓസ്‌ട്രേലിയയിൽ കളിക്കാതെ പുറത്തിരുന്നപ്പോൾ, സ്വീകരിക്കേണ്ട മാനസികാവസ്ഥയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അങ്ങനെ ഞാൻ സാറിനെ സമീപിക്കുകയും ഒരുപാട് സംസാരിക്കുകയും ചെയ്തു. ഇന്നലെ പോലും ഞാൻ എങ്ങനെയുണ്ട് എന്ന് ചോദിക്കാൻ അദ്ദേഹം എന്നെ വിളിച്ചിരുന്നു. അദ്ദേഹത്തെപ്പോലെയുള്ള ഒരാളിൽനിന്നു മാർഗനിർദേശം ലഭിക്കുക എന്നത് വലിയ കാര്യമാണ്. കളിയിലുള്ള ആ വ്യക്തത, തയാറെടുപ്പ് എന്നിവയ്ക്കെല്ലാം എന്നെ പിന്തുണച്ച എല്ലാവരോടും എനിക്ക് നന്ദിയുണ്ട്.’’– സഞ്ജു പറഞ്ഞു
