ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ന് ഇന്ത്യ-പാക് പോരാട്ടം; അഹമ്മദാബാദില്‍ കനത്ത സുരക്ഷ

ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഇന്ത്യയും പാകിസ്താനും നേര്‍ക്കുനേര്‍. അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഒന്നര ലക്ഷത്തോളം കാണികള്‍ കളി കാണാന്‍ സ്‌റ്റേഡിയത്തില്‍ എത്തും. ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് മത്സരം ആരംഭിക്കുന്നത്. കര്‍ശന സുരക്ഷയാണ് സ്‌റ്റേഡിയത്തിലും പരിസരത്തും ഏര്‍പ്പെടുത്തിയിരിക്കുന്നത്. പതിനയ്യായിരത്തില്‍ അധികം ഉദ്യോഗസ്ഥരെ സുരക്ഷയ്ക്കായി നിയോഗിച്ചിരിക്കുന്നു.
ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്കും അഫ്ഗാനിസ്താനുമെതിരെ ആധികാരിക വിജയങ്ങള്‍ നേടിയ ആതിഥേയ ടീം ആത്മവിശ്വാസത്തിലാണ്. വിരാട് കോലിയും കെ എല്‍ രാഹുലും അടങ്ങുന്ന മധ്യനിരയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍ എന്നിവരടങ്ങുന്ന മുന്‍നിരയും ശക്തമാണ്. ആര്‍ അശ്വിന്‍, മുഹമ്മദ് ഷമി, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഇന്ന് കളിച്ചേക്കുമെന്നാണ് സൂചന.
ഡെങ്കിപ്പനിയെത്തുടര്‍ന്ന് ചെന്നൈയില്‍ ചികിത്സയിലായിരുന്ന ഗില്ലിന് ആദ്യത്തെ രണ്ടു മത്സരങ്ങള്‍ നഷ്ടമായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ബാറ്റിംഗ് പരിശീലനം പുനരാരംഭിച്ച ഗില്‍ ഇന്ന് മത്സരത്തിന് ഇറങ്ങിയേക്കും. മുഹമ്മദ് ഷമിയും ആദ്യ രണ്ടു മത്സരങ്ങളില്‍ കളിച്ചിരുന്നില്ല. പാകിസ്താനെതിരെ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയാണ് ഷമി.