'കുറച്ച് മാസങ്ങള്‍ കൂടി ക്യാപ്റ്റനായി തുടരാം, ശേഷം..'; സെലക്ടര്‍മാരെ അറിയിച്ച് രോഹിത് ശര്‍മ

 | 
rohit sharma

ടെസ്റ്റ് മത്സരങ്ങളിലെ ഇന്ത്യയുടെ തുടര്‍ച്ചയായ തോല്‍വികളുടെ പശ്ചാത്തലത്തില്‍ ബിസിസിഐ മുംബൈയില്‍ അവലോകന യോഗം ചേര്‍ന്നു. ശനിയാഴ്ച നടന്ന യോഗത്തില്‍ ബിസിസിഐ ഭാരവാഹികള്‍, ചീഫ് സെലക്ടര്‍ അജിത് അഗാര്‍ക്കര്‍, ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍ തുടങ്ങിയര്‍ യോഗത്തില്‍ പങ്കെടുത്തു. കഴിഞ്ഞ എട്ട് ടെസ്റ്റുകളില്‍ ആറെണ്ണവും ഇന്ത്യ തോറ്റതിന്റെ പശ്ചാത്തലത്തില്‍കൂടിയായിരുന്നു കൂടിക്കാഴ്ച.


ഇന്ത്യന്‍ ടെസ്റ്റ്, ഏകദിന ടീമിന്റെ ഭാവി ക്യാപ്റ്റനെ സംബന്ധിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തതായി ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പുതിയ ക്യാപ്റ്റനെ സെലക്ടര്‍മാര്‍ കണ്ടെത്തുന്നത് വരെ ആ റോളില്‍ തുടരാന്‍ രോഹിത് സമ്മതിച്ചതായാണ് റിപ്പോര്‍ട്ട്.

'ഭാവി ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്നത് വരെ അടുത്ത കുറച്ച് മാസത്തേക്ക് ക്യാപ്റ്റനായി തുടരാം, ആരെ തിരഞ്ഞെടുത്താലും തന്റെ പൂര്‍ണ്ണ പിന്തുണ ഉണ്ടായിരിക്കും' രോഹിത് ബിബിസിഐ ഭാരവാഹികളെ അറിയിച്ചതായി ദൈനിക് ജാഗ്രന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതോടെ ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയെ രോഹിത് തന്നെ നയിക്കുമെന്ന് വ്യക്തമായി. ചാമ്പ്യന്‍സ് ട്രോഫിക്ക്‌ ശേഷമാകും അദ്ദേഹത്തിന് പിന്‍ഗാമിയെ കണ്ടെത്തുക. ട്വന്റി-20 ഫോര്‍മാറ്റില്‍ സൂര്യകുമാര്‍ യാദവാണ് നിലവില്‍ ഇന്ത്യയെ നയിക്കുന്നത്. ഏകദിന-ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ ജസ്പ്രിത് ബുംറയ്ക്കാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്.

എന്നാല്‍ ബിസിസിഐ അവലോകന ചര്‍ച്ചയില്‍ ബുംറയുടെ പേര് ഉയര്‍ന്നെങ്കിലും അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ച് ചിലര്‍ സംശയം പ്രകടിപ്പിച്ചതായാണ് വിവരം. നടുവേദന അലട്ടുന്ന ബുംറയ്ക്ക് കൂടുതല്‍ മാച്ചുകള്‍ കളിക്കുന്നത് പലപ്പോഴും വെല്ലുവിളിയാകാറുണ്ടെന്നതാണ് ചൂണ്ടിക്കാണിക്കുന്നത്. ഓസ്‌ട്രേലിയന്‍ പര്യാടനത്തില്‍ രണ്ട് മത്സരങ്ങളില്‍ ബുംറ ടീമിനെ നയിച്ചെങ്കിലും അവസാന മത്സരത്തിലെ രണ്ടാം ഇന്നിങ്‌സില്‍ പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് പന്തെറിയാന്‍ ആയിരുന്നില്ല.